KeralaLatest NewsNews

കോവിഡ് രോഗികള്‍ക്ക് പുതിയ സംവിധാനമൊരുക്കി തിരുവനന്തപുരം മെഡി: കോളേജ്

വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന 33 വയസുള്ള ബാലരാമപുരം സ്വദേശിയെ മന്ത്രി വീഡിയോ കോളിലൂടെ കണ്ട് സംസാരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വാര്‍ഡിലെ ഡോക്ടര്‍മാരുമായും മന്ത്രി സംസാരിച്ചു. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബുക്ക് ചെയ്യുന്ന വീട്ടുകാരെ വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു മണിവരെ വീഡിയോ കോള്‍ വഴി തിരികെ വിളിക്കും.

വീട്ടിലുള്ളവര്‍ രോഗിയുടെ വിവരങ്ങള്‍ എസ്.എം.എസ് അയച്ചാല്‍ ആ രോഗികളുമായി വീഡിയോ കോള്‍ ചെയ്യാനാകും. അതിനുള്ള സൗകര്യം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യും. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ സഹായകരമാണ്. വീട്ടുകാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കോവിഡ് രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്‍ഫര്‍മേഷനില്‍ ഇതിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. എല്ലാ കോവിഡ് വാര്‍ഡുകളിലും ഫോണും ടാബും നല്‍കും. വെള്ളിയാഴ്ച മുതല്‍ ഈ സേവനം ലഭ്യമാണ്.

Read Also:  പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട് : തോമസ് ഐസക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്റെ 0471 2528225 എന്ന നമ്പരില്‍ ബന്ധപ്പെടാം. മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, അലുമ്‌നി അസോസിയേഷന്‍ പ്രതിനിധികളായ ഡോ. ജോണ്‍ പണിക്കര്‍, ഡോ. വിശ്വനാഥന്‍, ഡോ. കെ. ദിനേശ്, ഡോ. ജി. ലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button