KeralaNattuvarthaLatest NewsNews

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: കാണാതായ യുവതികളിൽ ഒരാൾ മരിച്ച നിലയിൽ

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആര്യയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു

കൊല്ലം: കരിയിലക്കൂട്ടത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ കാണാതായ രണ്ട് യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രേഷ്‌മയുടെ ഭർത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യയുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആര്യയോടും ബന്ധുവായ മറ്റൊരു യുവതിയോടും പോലീസ് ആവശ്യപ്പെട്ടിരുന്നു. യുവതികളെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്‌മ ആണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫേസ്‌ബുക്കിൽ പരിചയപ്പെട്ട കാമുകന്‍റെ നിർദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മ പോലീസിനോട് പറഞ്ഞത്. എന്നാൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button