മുംബൈ: കേന്ദ്ര സർക്കാരിനെ ട്വിറ്ററിലൂടെ ആക്രമിച്ചിട്ട് കാര്യമില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നാകെ അണിനിരത്താന്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൈകോര്‍ക്കണമെന്ന് ശിവസേനയുടെ നിർദേശം.
രാഹുല്‍ നിരന്തരം കേന്ദ്രത്തെയും അതിന്റെ നയങ്ങളെയും ആക്രമിക്കുന്നുണ്ട്. എന്നാല്‍ അത് ട്വിറ്ററില്‍ മാത്രമാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ പറയുന്നു. ‘പ്രധാനമന്ത്രിയുടെ ശരീരഭാഷ മാറിയിരിക്കുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടു പോയെന്ന് അദ്ദേഹത്തിന് അറിയാം. ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷം വിഘടിച്ചു നില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കു ഭീഷണിയൊന്നുമില്ലെന്ന് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ആത്മവിശ്വാസമുണ്ട്.ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ എന്‍സിപി മേധാവി ശരദ് പവാറിനൊപ്പം ചേരുകയാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്.’- ശിവസേന അഭിപ്രായപ്പെടുന്നു.
read also: സംസ്ഥാന പോലീസ് മേധാവി; മൂന്നുപേരുടെ അന്തിമ പട്ടിക തയ്യാറായി
പ്രതിപക്ഷത്തെ ഒരുമിപ്പിക്കാന്‍ പവാറിനു കഴിയുമെന്നും നേതൃസ്ഥാനത്തെക്കുറിച്ച് ചോദ്യമുയരുമ്പോൾ കോണ്‍ഗ്രസ് നയിക്കുമെന്നു പ്രതീക്ഷിച്ചാല്‍ തന്നെ ആ പാര്‍ട്ടിക്ക് ഒരു ദേശീയ പ്രസിഡന്റ് ഇല്ലാത്ത അവസ്ഥയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
മഹാരാഷ്ട്രയിലെ ഭരണസഖ്യത്തില്‍ കോണ്‍ഗ്രസുമായുള്ള ഭിന്നതകള്‍ രൂക്ഷകമാകുന്നതിനിടെയാണ് ശിവസേന പ്രതിപക്ഷ ഐക്യത്തെ കുറിച്ചുള്ള സന്ദേശവുമായി രംഗത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Post Your Comments