കണ്ണൂര്‍: രാമനാട്ടുകരയില്‍ 5 പേരുടെ അപകട മരണത്തിനിടെ സ്വര്‍ണ്ണ കടത്തും ഉണ്ടന്ന് അന്വേഷണ സംഘം. സംഭവം ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. സ്വർണക്കടത്തിന് പിന്നിലെ ആളുകളിലേക്ക് സമഗ്രമായി അന്വേഷണത്തിന് തിരുവനന്തപുരത്തെ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്ത് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘമെത്തും. ഈ രണ്ട് കടത്തിനും ബന്ധമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ടിപി കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് സംഭവവുമായി പങ്കുണ്ടോ എന്നും പരിശോധിക്കും.
കൊടുവള്ളി മാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്കും അന്വേഷണം നീങ്ങും. ചില ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നതിനാല്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ ആസൂത്രണം നടത്തുന്നവര്‍ രക്ഷപ്പെടുന്നു. 2016 ജൂലായില്‍ നല്ലളം മോഡേണ്‍ ബസാറില്‍ മൂന്നു കിലോഗ്രം സ്വര്‍ണം കവര്‍ന്നിരുന്നു. ഇതിന് പിന്നില്‍ കൊടി സുനിയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്. ഇതിന് സമാനമാണ് രാമനാട്ടുകര അപകടത്തില്‍ തെളിയുന്ന കടത്തും.
രാമനാട്ടുകര അപകടത്തിന് പിന്നിലെ സ്വര്‍ണക്കടത്തിന് ഇടനിലക്കാരനെന്ന് സംശയിക്കുന്ന കണ്ണൂര്‍ സ്വദേശിയായ അർജുൻ ആയങ്കി യുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. അഴീക്കോട്ടെ വീട്ടിലാണ് കസ്റ്റംസ് സംഘം ബുധനാഴ്ച്ച പകല്‍ പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇതോടെ അന്വേഷണം കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘത്തിലേക്കും നീങ്ങുകയാണ്.
ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയും പരിശോധനയ്ക്ക് എത്തുന്നത്. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്ജുന് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അര്‍ജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. സംഭവ ശേഷം അര്ജുന് ഒളിവില്‍ പോയിരിക്കുകയാണ്. സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വിശ്വസ്തനായ സുഹൃത്താണ് അര്ജുന്.
Post Your Comments