കൊല്ലം: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളം പോലെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും കാണാനും കേള്‍ക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വിവാഹം എന്നത് സ്വര്‍ണ്ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു എന്ന് വേണം ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഏറെ വേദനയോടെയാണ് വിസ്മയയുടെ മരണവാര്‍ത്ത അറിഞ്ഞത്. വളരെ പ്രതീക്ഷയോടെ കാലെടുത്ത് വച്ച പുതു ജീവിതത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അവസാനിച്ചു പോയ ദാരുണമായ അനുഭവമാണ് ആ മകള്‍ക്ക് ഉണ്ടായത്. അറിഞ്ഞതു വെച്ച്, സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഢനങ്ങളും അധിക്ഷേപങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ മാത്രമല്ല ഒരു മനുഷ്യന്‍ എന്ന നിലയില്‍ പോലും താങ്ങാവുന്നതിലും അധികം യാതനകളാണ് ആ കൊച്ചു പെണ്‍കുട്ടി അനുഭവിച്ചത്.
കേരളം പോലെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരിക്കലും കാണാനും കേള്‍ക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത് നാം മറന്നിട്ടില്ല. അതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ സമൂഹത്തില്‍ വീണ്ടും ഒരു മകള്‍ക്ക് ദുരന്തം സംഭവിച്ചിരിക്കുന്നത്.
സ്ത്രീധന നിരോധന നിയമവും, ഗാര്‍ഹിക പീഢന നിരോധന നിയമവുമടക്കം സ്ത്രീ സംരക്ഷണത്തിനായി ഒട്ടേറെ നിയമങ്ങള്‍ ഉള്ള നാട്ടിലാണിത് സംഭവിച്ചത്. അതുമാത്രമല്ല വിദ്യാസമ്പന്നരും നല്ല രീതിയിലുള്ള ഉദ്യോഗങ്ങളില്‍ എത്തപ്പെട്ടവരുമാണ് ഇതില്‍ ഇരകളും പ്രതികളുമായി വരുന്നത് എന്നതും ശ്രദ്ധേയം തന്നെയാണ്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.
ഇത്തരം സാമൂഹ്യ വിരുദ്ധമായ, അങ്ങേയറ്റം അപരിഷ്‌കൃതവും, സ്ത്രീവിരുദ്ധവും, മനുഷ്യത്വ രഹിതവുമായ സ്ത്രീധനം പോലൊരു സംഗതി ഇന്നും നമ്മുടെ വിദ്യാസമ്പന്നമായ സമൂഹത്തെ, യുവതയെ മോഹിപ്പിക്കുകയും അവരുടെ ജീവനെടുക്കുകയും, എന്തു ക്രൂരകൃത്യവും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
വിവാഹം എന്നത് സ്വര്‍ണ്ണവും, പണവും, ഭൂമിയും കണക്കു പറഞ്ഞ് നേടാനുള്ള ഒരു ഉടമ്പടി ആയി മാത്രം നല്ലൊരു ശതമാനം ആളുകളും കാണുന്നു എന്ന് വേണം കരുതാന്‍. ഉയര്‍ന്ന വിദ്യാഭ്യാസം നല്ല ജോലിക്കുള്ള മാര്‍ഗ്ഗമായും, നല്ല ജോലി വലിയ വലിയ തുകകള്‍ സ്ത്രീധനമായി നേടാനുള്ള മാര്‍ഗ്ഗമായും കാണുന്നു എന്നത് എന്ത് മാത്രം അപകടകരമാണ്. എത്രയെത്ര വിസ്മയമാരാണ് ഇതിന്റെ രക്തസാക്ഷികളായി നമ്മുടെ മുന്നില്‍ ഇന്നും ജീവിക്കുന്നത്. നിയമങ്ങളെക്കാളും മറ്റും ഉപരി ആത്യന്തികമായി മനുഷ്യന്‍ എന്ന നിലയിലുള്ള മാറ്റം സമൂഹത്തില്‍ പ്രകടമായി ഉണ്ടായാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ക്ക് എന്നെന്നേക്കുമായ അവസാനം ഉണ്ടാവുകയുള്ളൂ.
സമൂഹത്തിന്റ അത്തരം മുന്നേറ്റങ്ങളില്‍ ഗൗരവമായിത്തന്നെ നമ്മള്‍ ഓരോരുത്തരും പങ്കാളികളായി മാറേണ്ടതുണ്ട്. ഇത്ര ദാരുണമായ സംഭവത്തില്‍ കുറ്റവാളികളായ എല്ലാവര്‍ക്കും അര്‍ഹമായ ശിക്ഷ നിയമം വഴി നല്‍കുക തന്നെ വേണം. ഇനിയും ഒരു വിസ്മയ ഉണ്ടാവാതിരിക്കാന്‍ മനുഷ്യര്‍ എന്ന നിലയില്‍ നാം ജാഗ്രതപ്പെടണം .
വിസ്മയയക്ക് ആദരാജ്ഞലികള്‍
Post Your Comments