KeralaLatest News

രാമനാട്ടുകര അപകടം സ്വർണ്ണക്കടത്തിലേക്ക്: സംഘമെത്തിയത് 15 വാഹനങ്ങളില്‍, ചേസിംഗ് ഉണ്ടായി മറിഞ്ഞതെന്നു സൂചന

ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം. മൂന്ന് കാറുകളിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്. ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിനാൽ ആരാണ് ചരൽ ഫൈസൽ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.

വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി. പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു.

എന്നാൽ വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മാത്രമല്ല, അപകടത്തിൽ മരിച്ച ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചത്.

പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button