KeralaLatest NewsNews

ആണ്‍മക്കളെ പ്രൈസ് ടാഗൊട്ടിച്ച് വിവാഹ മാര്‍ക്കറ്റിലെത്തിക്കുന്ന രക്ഷിതാക്കള്‍ അറിയാന്‍ : ജിസ ജോസിന്റെ കുറിപ്പ്

പദവി പ്രദര്‍ശിപ്പിച്ചു വിലപേശി സ്ത്രീധനം വാങ്ങുന്ന സമ്പ്രദായം വൃത്തികെട്ടത്

കൊല്ലം : സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു വിസ്മയയുടെ മരണം. അത് വെറും മരണമല്ല സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മരണം. ഇന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എടുത്താല്‍ പൊങ്ങാത്ത സ്വര്‍ണവും പണവും നല്‍കിയാല്‍ തന്റെ മകള്‍ ഏറെ സുരക്ഷിതയാണെന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പാണ് ഇതെന്നു പറയുന്നവര്‍ ഒരുപാട് പേര്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍ . എന്നാല്‍ മറിച്ച് ചിന്തിക്കാത്തത് എന്ത് കൊണ്ടാണെന്ന് ചോദ്യവുമായി അദ്ധ്യാപികയും എഴുത്തുകാരിയുമായ ജിസ ജോസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

Read Also : ‘പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ട് സ്ത്രീധനം തരണം’

കേരളത്തിലെ സ്ത്രീധന സംസ്‌ക്കാരത്തെ വിമര്‍ശിച്ചും പെണ്‍വീട്ടുകാരുടെ നിസ്സഹായതയെ ചോദ്യം ചെയ്തും പ്രമുഖരടക്കം നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തുവന്നു കഴിഞ്ഞു. ഈ ബഹളത്തിനിടയില്‍ കാണാതെ പോവുന്ന ചില കാര്യങ്ങള്‍ ചൂണ്ടികാണിക്കുകയാണ് ജിസ ജോസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ….

പതിവുപോലെ പെണ്‍കുട്ടികള്‍ക്കും പെണ്‍ വീട്ടുകാര്‍ക്കുമുള്ള ഉപദേശങ്ങള്‍ എല്ലായിടത്തും നിറഞ്ഞു. അവളെ സ്ത്രീധനം കൊടുത്തു കെട്ടിച്ചത്, അവളെ തിരിച്ചുവിളിക്കാത്തത്, അവള്‍ ഇറങ്ങി വരാത്തത്.. ഒക്കെയാണ് പ്രശ്നങ്ങള്‍.

”പെണ്‍കുട്ടികള്‍ ബോള്‍ഡ് ആവണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച മകളേക്കാള്‍ നല്ലത് ഡിവോഴ്സ് ആയ മകളാണെന്നു വീട്ടുകാരും ഓര്‍ക്കണം.”

‘എല്ലാം ശരിയാണ്. പക്ഷേ ഇതാണോ യഥാര്‍ത്ഥ പ്രശ്നങ്ങള്‍? ഇതൊക്കെയാണോ പ്രതിവിധി?
എണ്ണിയെണ്ണി കണക്കു പറഞ്ഞു പണം വാങ്ങുന്നവനും കിട്ടിയതു പോരാതെ വീണ്ടും കൂടുതല്‍ ചോദിക്കുന്നവനും അതിന്റെ പേരില്‍ പെണ്‍കുട്ടിയെ കൊല്ലുന്നവനുമൊക്കെ നിരപരാധികള്‍’!

‘തന്നിട്ടല്ലേ വാങ്ങിയത്, തരാന്‍ ഉള്ളതു കൊണ്ടല്ലേ പിന്നേം ചോദിച്ചത്’ എന്നൊക്കെയുള്ള ന്യായീകരണങ്ങള്‍ വരെ കണ്ടു. തരാത്തതു കൊണ്ടല്ലേ കൊന്നത് എന്നും കൂടി പറഞ്ഞേക്കും’ !

‘പെണ്‍വീട്ടുകാര്‍ എന്താണ് ചെയ്യേണ്ടത്? നാട്ടുനടപ്പ് ഇതാണ്. പെണ്‍കുട്ടികള്‍ കെട്ടിച്ചു വിടാനുള്ള ‘ചരക്കാ’ണ്. സാധാരണ വില്‍പ്പനകളില്‍ വില്‍ക്കുന്നവര്‍ക്കു ലാഭം കിട്ടുമ്പോള്‍ ഇവിടെ നേരെ തിരിച്ചാണ് എന്നു മാത്രം. സമയത്തു ഇറക്കിവിട്ടില്ലെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേള്‍ക്കേണ്ട പഴി എത്രയായിരിക്കും’ ?

എടുക്കാച്ചരക്ക് എന്ന വിശേഷണവും പേറി പെണ്‍കുട്ടി അനുഭവിക്കേണ്ട അപമാനം എത്രയായിരിക്കും? ലൈംഗികാവശ്യങ്ങള്‍ വിവാഹത്തിന്റെ ചട്ടക്കൂടിനുള്ളില്‍ മാത്രം അനുവദനീയമായ സമൂഹത്തില്‍ അത്തരം കാര്യങ്ങള്‍ക്ക് അവള്‍ എന്തു ചെയ്യണം?

‘പെണ്‍കുട്ടികളെ വിവാഹം ചെയ്തു വിടേണ്ടത് അനിവാര്യതയായ സാമൂഹികസാഹചര്യത്തില്‍ വീട്ടുകാര്‍ അതു ചെയ്യാതിരിക്കുന്നതെങ്ങനെയാണ്? സ്ത്രീധനം കൊടുത്താലേ വരനെ കിട്ടൂ, കിലോക്കണക്കിനു സ്വര്‍ണ്ണച്ചുമടുണ്ടെങ്കിലേ ചേര്‍ന്ന ബന്ധം കിട്ടൂ, ജാതകവും ജാതിയും ചേര്‍ന്നാലേ ദീര്‍ഘസുമംഗലിയാവൂ’

എന്തൊക്കെ അലിഖിത നിയമങ്ങളാണ്! ഇതിലൊന്നെങ്കിലും ലംഘിച്ചാല്‍ പെണ്ണും വീട്ടുകാരും ചോദ്യം ചെയ്യപ്പെടും.

‘ രണ്ടാണ്‍മക്കളാ, എനിക്കൊന്നും പേടിക്കാനില്ല എന്നഭിമാനിക്കുന്ന ‘രണ്ടു പെണ്മക്കളാ’ എന്നു ലജ്ജിക്കുന്ന, എങ്ങനെ ഇറക്കി വിടുമെന്നു ഓര്‍ത്ത് നെഞ്ചില്‍ തീയാ എന്നു വേവലാതിപ്പെടുന്ന അമ്മമാരെ എത്രയോ കാണുന്നു’.

‘അവസാനം ദുരന്തമുണ്ടാകുമ്പോള്‍ ഉപദേശങ്ങളെല്ലാം പെണ്‍കുട്ടിക്കും അവളുടെ വീട്ടുകാര്‍ക്കും! അതാണെളുപ്പം. നാളേം കനത്ത സ്ത്രീധനം വാങ്ങി കെട്ടണ്ടതാണ്, അതു വേണ്ടാന്നു വെക്കാന്‍ പറ്റൂല്ല! അത് ആണുങ്ങളുടെ അവകാശമാണ്, അവനെ വളര്‍ത്തി വലുതാക്കിയ വീട്ടുകാരുടെയും അവകാശമാണ്. പെണ്‍കുട്ടി പിന്നെ താനേ വളരുന്നതാണല്ലോ.. അവളെ വളര്‍ത്താന്‍ ചെലവൊന്നുമില്ല ‘.

“വിവാഹവ്യവസായം എന്നൊരു കഥയുണ്ട്, 1948 ലോ മറ്റോ ആണ് സരസ്വതിയമ്മ ആ കഥയെഴുതുന്നത്. ആണുങ്ങള്‍ക്ക് എന്തൊരു ലാഭത്തിനാണ് പെണ്ണുങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്! എന്നാണവര്‍ അതിശയപ്പെടുന്നത് “.

‘ വിവാഹവ്യവസായം അവസാനിക്കട്ടെ. സ്വന്തം ശരീരം/ഉദ്യോഗം/പദവി പ്രദര്‍ശിപ്പിച്ചു വിലപേശി സ്ത്രീധനം വാങ്ങുന്ന സമ്പ്രദായം വൃത്തികെട്ടതാണെന്ന് ആണുങ്ങള്‍ തിരിച്ചറിയട്ടെ! ആണ്മക്കളെ പ്രൈസ് ടാഗൊട്ടിച്ചു ഷോപീസായി വെക്കുന്നതു നാണക്കേടാണെന്ന് ആണ്‍വീട്ടുകാര്‍ മനസിലാക്കട്ടെ’ !

അന്നു ചിലപ്പോള്‍ ഇതൊക്കെ അവസാനിച്ചേക്കും.

ഇനിയും നമ്മുടെ നാട്ടില്‍ വിസ്മയമാരും ഉത്രമാരും ഇല്ലാതിരിക്കണമെങ്കില്‍ നിലവിലെ വ്യവസ്ഥിതിയെ പൊളിച്ചുമാറ്റുക തന്നെ വേണം. സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണം. ഇല്ലെങ്കില്‍ ഇനിയും സ്ത്രീധന പീഡന മരണങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button