കൊല്ലം: ഭര്‍തൃഗൃഹത്തില്‍ സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ റിമാന്റില്‍. രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത കിരണ്‍ കുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.
നേരത്തെ കിരണ്‍ കുമാറിന്റെ മൊഴി പുറത്തുവന്നിരുന്നു. വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് കിരണ്‍ വ്യക്തമാക്കി. സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
പോസ്റ്റുമോര്‍ട്ടം ഫലം വന്നതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ ഇടപെട്ട വനിത കമ്മീഷന് അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി.
Post Your Comments