ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്താതിരിക്കാന്‍ നീക്കം നടക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. വിവിധ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുവഴി നഷ്ടപ്പെടുകയാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
ദരിദ്ര്യ ജനവിഭാഗങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം അനുവദിച്ച 596.65 ടണ്‍ കടല സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായി എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് വി. മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ലോക്ക് ഡൗണില്‍ ദുരിതത്തിലായ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങളാണ് സംസ്ഥാനത്തിന്റെ അനാസ്ഥ കൊണ്ട് പാഴായതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര പദ്ധതികളോട് സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാവപ്പെട്ട ജനങ്ങള്‍ കോവിഡ് കാലത്ത് ദുരിതത്തില്‍ കഴിയുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ നശിപ്പിച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും മന്ത്രി പറഞ്ഞു.
‘പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ വീട് നിര്‍മ്മാണത്തിന് കേന്ദ്രം അനുവദിച്ച 195.82 കോടി രൂപ സംസ്ഥാനം ചിലവഴിക്കാതെ പാഴാക്കിയ സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതും അടുത്തിടെയാണ്. 2016-2017 വര്‍ഷത്തിലും 2017-18 വര്‍ഷങ്ങളിലുമായി 42,431 വീടുകള്‍ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും 16,101 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. സാധാരണ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പദ്ധതികളാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കൊണ്ട് ഗുണഭോക്താക്കള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്ന്’ അദ്ദേഹം പറഞ്ഞു.
പൈപ്പ് വഴി എല്ലാ വീടുകളിലും ശുദ്ധ ജലമെത്തിക്കാന്‍ ലക്ഷ്യമിടുന്ന ജല്‍ ജീവന്‍ മിഷനും കേരളത്തില്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ എത്തുന്നില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം 1804.59 കോടി രൂപ ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കാന്‍ കേന്ദ്രം അനുവദിച്ചപ്പോള്‍ മുന്‍ വര്‍ഷത്തെ അവസ്ഥ ഉണ്ടാകരുതെന്ന് നിര്‍ദേശം നല്‍കിയതും വി.മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുന്ന സാഹചര്യം പരിശോധിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞ മുരളീധരന്‍ വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ മാതൃകയാക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
Post Your Comments