ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് വാക്‌സിനേഷന്റെ സാർവത്രികവൽക്കരണത്തിന്റെ പുതിയ ഘട്ടം ഇന്ന് മുതൽ ആരംഭിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
1,01,25,143 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസും 70,72,595 പേർ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചു. 1,71,73,646 കോവിഡ് മുന്നണി പോരാളികൾ ആദ്യ ഡോസ് വാക്‌സിനും 90,51,173 പേർ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചുവെന്നും കണക്കുകൾ വിശദമാക്കുന്നു.
അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 88 ദിവസത്തെ ഏറ്റവും താഴ്ന്ന കണക്കാണിത്. 7,02,887 പേരാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്.
Post Your Comments