ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വി.എച്ച്.പി. നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കും സഹോദരന്‍ സഞ്ജയ് ബന്‍സലിനും എതിരേ ഉണ്ടായ ഭൂമിതട്ടിപ്പ് ആരോപണം വ്യാജമെന്ന് റിപ്പോർട്ട്. ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.സഞ്ജയ് ബന്‍സല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍ വിനീത് നരേന്‍, അല്‍ക ലഹോതി, രജനിഷ് എന്നിവരുടെ പേരില്‍ കേസെടുത്തത്.
മൂന്നുദിവസം മുന്‍പാണ് ചമ്പത് റായിയും സഹോദരനും ബിജ്‌നോര്‍ ജില്ലയില്‍ ഭൂമി കൈക്കലാക്കിയെന്ന് വിനീത് നരേന്‍ ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചത്. ഇത് വിവാദമാകുകയും രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തില്‍ റായിയും ബന്‍സലും നിരപരാധിയാണെന്നു കണ്ടെത്തിയതായി ബിജ്‌നോര്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
അല്‍ക ലഹോതിയുടെ ഉടമസ്ഥതയിലുള്ള ഗോസംരക്ഷണ കേന്ദ്രത്തിന്റെ ഇരുപതിനായിരം ചതുരശ്ര മീറ്റര്‍ ഭൂമി തട്ടിയെടുക്കാന്‍ ചമ്പത് റായി സഹോദരന്മാരെ സഹായിച്ചുവെന്നായിരുന്നു വിനീത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചത്. കയ്യേറ്റക്കാരെ പുറത്താക്കാന്‍ 2018 മുതല്‍ അല്‍ക ശ്രമിച്ചുവരികയാണെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരുന്നതായും വിനീത് പറഞ്ഞിരുന്നു.
എന്നാൽ ഇതെല്ലം പച്ചക്കള്ളമാണെന്നും ചമ്പത് റായിക്കെതിരെ തെറ്റായ ആരോപണം ഉന്നയിക്കാന്‍ വിനീതും അല്‍കയും രജനിഷും ഗൂഢാലോചന നടത്തിയെന്നും അതിലൂടെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് സഞ്ജയ് ബന്‍സാല്‍ പരാതിയില്‍ ആരോപിക്കുന്നത്.
Post Your Comments