ന്യൂഡൽഹി : IP68 മിലിറ്ററി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുള്ള ഏതൊരു പ്രതികൂല സാഹചര്യത്തിലും ഒരു പരിധിവരെ സുഗമമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുമായി മോട്ടോറോള എത്തി. മികച്ച സീലിങ്ങുള്ള ബോഡി പാനലുകളുമായി അവതരിപ്പിച്ചിരിക്കുന്ന മോട്ടോറോള ഡിഫൈയ്ക്ക് അഞ്ച് അടി താഴ്ചയുള്ള വെള്ളത്തിൽ വരെ 35 മിനിറ്റ് വരെ പ്രവർത്തിക്കും.
മണൽ, പൊടി, ചെളി, ഉപ്പിന്റെ അംശം എന്നിവ വലിയൊരളവ് പ്രതിരോധിക്കും വിധമാണ് ഡിഫൈ ഒരുക്കിയിരിക്കുന്നത് എന്നാണ് മോട്ടോറോളയുടെ അവകാശവാദം. മാത്രമല്ല 6 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചവരെ ചെറുക്കുന്ന ഡിഫൈ ഫോൺ സോപ്പുപയോഗിച്ച് കഴുകാനും സാധിക്കും.
48 മെഗാപിക്സൽ പ്രധാന സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോറോള ഡിഫൈയിൽ. 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ അവതരിപ്പിച്ചത് എങ്കിലും ആൻഡ്രോയിഡ് 11 അപ്‌ഡേറ്റ് ഉടൻ ലഭിക്കും. ഡ്യുവൽ സിം ഫോണായ ഡിഫൈയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള 6.5 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 SoC ആണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കാം.
ഏകദേശം 29,000 രൂപ ആണ് മോട്ടോറോള ഡിഫൈ സ്മാർട്ട് ഫോണിന്റെ വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോട്ടോറോള ഡിഫൈ ഫോൺ കറുപ്പ്, ഗ്രീൻ എന്നീ നിറങ്ങളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. രണ്ട് വർഷമാണ് മോട്ടോറോള ഡിഫൈയ്ക്ക് ഗ്യാരന്റി.
Post Your Comments