ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. വാക്സിന് എടുത്താലും വൈറസ് ബാധിക്കാമെന്നും മരണവും ഗുരുതര രോഗങ്ങളും തടയുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്ക് ഉപയോഗം, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം കൂടുന്നത് ഒഴിവാക്കല്‍ തുടങ്ങിയ നിബന്ധനകള്‍ ജനങ്ങള്‍ പാലിക്കണം. വൈറസിന്റെ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി അവിടെ തന്നെ വൈറസിനെ നിര്‍മാര്‍ജ്ജനം ചെയ്യലും പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ പഠനമനുസരിച്ച് വാക്സിന് ഡോസുകള്‍ക്കിടയിലെ കാലതാമസം ദീര്‍ഘിപ്പിച്ചത് കോവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും ഡോ. രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി. ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് കൂടുതല്‍ പഠനം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാവും തീരുമാനങ്ങള്‍ എടുക്കുന്നത്. കൂടുതല്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിന് പ്രോട്ടോകോളില്‍ മാറ്റമുണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് എടുത്താലും കോവിഡ് ബാധിക്കാം. എന്നാല്‍, വാക്സിന് എടുത്തവരില്‍ ശരീരം ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിനാല്‍ ഇവരെ രോഗം ഗുരുതരമായി ബാധിക്കില്ല. പക്ഷെ രോഗം ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments