തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് തലവേദനയാകുകയാണ് മരംമുറി ഉത്തരവ്. ഇതിന്റെ മറവിൽ കോടിക്കണക്കിനു രൂപയുടെ തടികൾ മുറിച്ചു കടത്തിയ വിഷയത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. മരം മുറിയുമായി സംബന്ധിച്ച് കഴിഞ്ഞ ഒക്‌ടോബര്‍ 24ല്‍ ഇറക്കിയ ഉത്തരവില്‍ തെറ്റില്ലെന്ന് പറയുന്ന റവന്യൂ മന്ത്രി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആ നിയമം റദ്ദുചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഉത്തരവില്‍ തെറ്റുസംഭവിച്ചു എന്ന് തുറന്നു സമ്മതിക്കാനും തന്മൂലമുണ്ടായ കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള ആര്‍ജ്ജവം മന്ത്രി കാണിക്കണം. അതിലൂടെ മൂല്യാധിഷ്ഠിത കക്ഷി രാഷ്ട്രീയത്തിന്റെ അന്തസത് ഉയര്‍ത്തിപ്പിടിക്കണമെന്നും കുമ്മനം പറഞ്ഞു.
‘2020 മാര്‍ച്ചിലെ സര്‍ക്കുലറിലും ഒക്‌ടോബറിലെ ഉത്തരവിലും പിശകും അവ്യക്തതയും ഉണ്ടെന്ന് റവന്യൂ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. തെറ്റായ ഉത്തരവിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. 1964 ലെ ഭൂ പതിവു ചട്ടവും അതിനാധാരാമായ ആക്ടും ഒരു എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ പ്രിന്‍സിപ്പല്‍ റവന്യൂ സെക്രട്ടറിക്ക് മാറ്റിമറിക്കാനാകുമോ എന്ന അടിസ്ഥാന ചോദ്യത്തില്‍ നിന്നും മന്ത്രി ഒഴിഞ്ഞു മാറുകയണ്. ആക്ട് ഭേദഗതി ചെയ്ത് നിയമസഭ പാസാക്കാത്തിടത്തോളം കാലം 1964 ലെ റൂള്‍സ് പൂര്‍ണ്ണ അര്‍ത്ഥത്തിലും നടപടി ക്രമത്തിലും നിലനില്‍ക്കും. അതുവഴി പട്ടയഭൂമിയിലെ രാജകീയ(റിസര്‍വ്) മരങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണം ഉറപ്പ് നല്‍കുന്നു. റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനം മന്ത്രിസഭാ യോഗ തീരുമാനമാണ്. അതിന്റെ മിനുട്‌സ് പുറത്തുവിട്ട് വിവാദ ഉത്തരവിന് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.’- കുമ്മനം പറഞ്ഞു
”രാജകീയ വൃക്ഷങ്ങള്‍ മുറിക്കാന്‍ വിവാദ ഉത്തരവില്‍ പറയുന്നില്ലെന്ന മന്ത്രിയുടെ നിലപാടു ശരിയല്ല. ‘ചന്ദനമൊഴികെയുള്ള റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച ഉത്തരവ്’എന്ന് വിഷയ തലവാചകത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന ഖണ്ഡികയിലും ചന്ദനം ഒഴികെയുള്ള റിസര്‍വ് മരങ്ങള്‍ ഉള്‍പ്പെടെ ഏതുമരവും മുറിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആര്‍ക്കും എവിടെയും ഏതു മരവും മുറിക്കാമെന്ന അവസ്ഥ സംജാതമായി. ഡിസംബര്‍ 15ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി.ആശ ഈ ഉത്തരവിനെതിരെ വിധി പുറപ്പെടുവിച്ചു. എന്നിട്ടും ഒന്നര മാസം മരം കൊള്ള തുടര്‍ന്നു. മരംമുറി കേസില്‍ റവന്യൂ വകുപ്പിന് പങ്കില്ലെന്നായിരുന്നു മന്ത്രിയുടെ ആദ്യ നിലപാട്. ഇപ്പോള്‍ പറയുന്നത് ചില റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ്. ഒട്ടേറെ നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മരംമുറി കേസില്‍ നടന്നിട്ടുള്ളത്.”
”പാവപ്പെട്ട വനവാസികളെയും കര്‍ഷകരെയും കള്ളക്കേസില്‍ പ്രതികളാക്കി പീഢിപ്പിക്കുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജകീയ മരങ്ങള്‍ വന്യമാണ്, പൊതുമുതലാണ്. അത് വെട്ടി കടത്തിക്കൊണ്ടു പോയവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും രാഷ്ട്രദ്രോഹകുറ്റത്തിനും കേസെടുക്കണം. ആദിവാസികളുടെ പട്ടയഭൂമിയില്‍ കയറി അതിക്രമം കാട്ടുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതിന് പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കണം. ഇതിനെല്ലാം പുറമെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും സംഭവിക്കുന്ന ആഘാതവും വിനാശവും കണക്കിലെടുത്ത് കേന്ദ്ര വന-പരിസ്ഥിതി നിയമപ്രകാരം നടപടികള്‍ കൈക്കൊള്ളണം. മരംമുറി സംഭവത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് കാണാന്‍ കഴിയുക. നിയമപരമായ പോരാട്ടങ്ങളിലൂടെ സാമൂഹ്യനീതി നേടിയെടുക്കുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതിക്ക് ബിജെപി രൂപം നല്‍കിയിട്ടുണ്ട്”- കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
Post Your Comments