ശാസ്താംകോട്ട : വ്യാജ ഫേസ്‍ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് നാലരവർഷത്തോളം യുവാക്കളെ ‘പ്രണയിച്ച്, തേച്ച’ യുവതിയുടെ കഥയാണ്. യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നിരവധി യുവാക്കളാണ് അശ്വതിയുടെ തട്ടിപ്പിനിരയായത്. നാണക്കേട് ഭയന്നാണ് പലരും പരാതി പോലും പറയാത്തതെന്നാണ് റിപ്പോർട്ട്.
ആയൂരിലുള്ള ഒരു യുവാവിനെ അശ്വതി പറ്റിച്ച് തട്ടിയെടുത്തത് നാല് ലക്ഷം രൂപയാണ്. ഒരേസമയം അശ്വതി അച്ചു, അനുശ്രീ അനു എന്നിങ്ങനെ രണ്ട് അക്കൗണ്ട് ഉണ്ടാക്കിയാണ് യുവതി ആളുകളെ പറ്റിച്ചിരുന്നത്. രണ്ട് അക്കൗണ്ടുകളിലും മാറി മാറി പ്രത്യക്ഷപ്പെടുന്ന യുവതി, യുവാക്കളെ വശീകരിച്ച് പണം തട്ടിയെടുക്കലാണ് പതിവ്. അനുശ്രീയുമായി അടുക്കുന്ന യുവാക്കൾ വിവാഹാഭ്യർത്ഥന നടത്തും, ശേഷം അനുശ്രീയുടെ ബന്ധുവെന്ന പേരിൽ അശ്വതി യുവാക്കളെ നേരിൽ കാണും. വിവാഹമുറപ്പിക്കും. പലതവണ, പല ആവശ്യങ്ങൾക്കായി പണം വാങ്ങിച്ചെടുക്കും.
Also Read:രമേശ് ചെന്നിത്തല തന്നെയാണ് മികച്ച നേതാവ്, പുതിയ പ്രതിപക്ഷ നേതാവിൽ അതൃപ്‌തി: മാണി സി കാപ്പൻ
കാക്കനാട് സ്വദേശിനിയായ പ്രഭാ സുകുമാരന്റെ ചിത്രമായിരുന്നു അനുശ്രീ അനു എന്ന അക്കൗണ്ടിൽ ഉപയോഗിച്ചിരുന്നത്. സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ കണ്ട പലരും അതിമോഹവുമായിട്ടായിരുന്നു അശ്വതിയോട് ചാറ്റ് ചെയ്തിരുന്നത്. തവണകളായി 4 ലക്ഷത്തോളം രൂപയാണ് ആയൂരിലുള്ള യുവാവ് നല്‍കിയത്. പൈസ കിട്ടിക്കഴിഞ്ഞതും അശ്വതി അടവ് മാറ്റി. ബന്ധം വീട്ടിൽ അറിഞ്ഞെന്നും അനുശ്രീയുടെ അമ്മ പ്രശ്‌നമുണ്ടാക്കിയെന്നും പറഞ്ഞ് ഒരു ആത്മഹത്യാ നാടകം കളിച്ചു.
‘മാതാവ് വലിയ പ്രശ്നക്കാരിയാണെന്നും ഈ ബന്ധത്തില്‍ ഉറച്ചു നിന്നാല്‍ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു കെവിനാകരുതെന്നും യുവാവിനോട് ആവശ്യപ്പെടുന്നു. വളരെ സ്നേഹമുള്ളയാളാണ് യുവാവെന്നും തനിക്ക് ഇതു പോലെ ആരില്‍ നിന്നും സ്നേഹം ലഭിച്ചിട്ടില്ല. അച്ഛനും അമ്മയ്ക്കും ഒട്ടും സ്നേഹമില്ല. എന്റെ പേരിലുള്ള സ്ഥലത്തിന്റെ ആധാരം ഒരു കൂട്ടുകാരിയുടെ പേരില്‍ എഴുതി വച്ചു. ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ഈ കത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കണം. ആരെയും വെറുതെ വിടരുത്. എന്റെ മരണത്തിന് കാരണം അച്ഛനും അമ്മയും ആണ്’, എന്ന തരത്തിൽ ഒരു ആത്മഹത്യാ കുറിപ്പ് യുവതി യുവാവിന് അയച്ച് നൽകിയതായി മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു.
Also Read:ആരോഗ്യ സർവ്വകലാശാല പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും: നിബന്ധനകൾ ഇങ്ങനെ
ആത്മഹത്യാനാടകത്തിൽ വീണ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി. ഇതോടെ, ആ ചാപ്റ്റർ അവിടെ അവസാനിച്ചുവെന്ന് കരുതിയ അശ്വതിക്ക് തെറ്റി. യുവതി അനുശ്രീ അനു എന്ന അക്കൗണ്ടിൽ ഉപയോഗിച്ച ചിത്രം പ്രഭയുടേതാണെന്ന് മനസിലാക്കിയ സുഹൃത്ത് ഇത് പ്രഭയ്ക്ക് അയച്ച് നൽകി. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്. പ്രഭയും സുഹൃത്തുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അശ്വതി അച്ചു വീണത്. യുവാവും പരാതിയുമായെത്തിയതോടെ സംഭവം വ്യക്തമായി.
കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ കബളിക്കപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വഞ്ചിതരായവരില്‍ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്നു. ഇതാദ്യമായല്ല അശ്വതി തട്ടിപ്പുകേസിൽ പ്രതിയാകുന്നത്. മുൻപും സമാനമായ കേസ് നടന്നിട്ടുണ്ട്. കുടുംബശ്രീയുടെ തുക തട്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെ മുന്‍പുള്ള പരാതി. അശ്വതി ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്കെല്ലാം ഭര്‍ത്താവ് ശ്രീകുമാർ ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. മക്കളെ ഓർത്ത് കേസുകൾ ഒത്തുതീർപ്പാക്കാൻ ഇദ്ദേഹം ഓടേണ്ടി വന്നിട്ടുണ്ട്. കൂലിപ്പണിക്ക് പോയി കുടുംബം നോക്കുകയാണ് ശ്രീകുമാര്‍. പി.എസ്.സി എഴുതി റവന്യു വകുപ്പില്‍ ജോലി ചെയ്‌തെന്ന് പറഞ്ഞ് ഇവര്‍ ഏറെനാളായി ഭര്‍ത്താവിനേയും നാട്ടുകാരേയും പറ്റിക്കുകയായിരുന്നു. അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Post Your Comments