ഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നിക്ഷേപം രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ചതായി സ്വിറ്റ്‌സര്‍ലാന്‍ഡ് സെന്‍ട്രല്‍ ബാങ്ക്. സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 20,700 കോടി രൂപയിലധികം കടന്നതായാണ് ബാങ്കിന്റെ വാര്‍ഷിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് സ്വിസ് ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഈ കണക്കുകളില്‍ വ്യക്തമാക്കിയിട്ടില്ല.
സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക കണക്കിൽ വ്യക്തമാകുന്നു. നേരിട്ട് പണമായുള്ള നിക്ഷേപത്തില്‍ കുറവുണ്ടെങ്കിലും കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയായിട്ടുള്ള നിക്ഷേപത്തിൽ വൻ വർധനയാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലുള്ള ശാഖകളിലൂടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലൂടെ നേരിട്ടുള്ള നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും.
2019-ന്റെ അവസാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള ഇടപാടുകാരുടെ ആകെ നിക്ഷേപം 6,625 കോടി രൂപ ആയിരുന്നത് രണ്ട് കൊല്ലത്തിനിടെ മൂന്നിരട്ടിയായി വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള നിക്ഷേപം നടത്താത്ത ഇന്ത്യക്കാരോ എന്‍.ആര്‍.ഐകളോ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്നും, ഇന്ത്യയിലുള്‍പ്പടെയുള്ള സ്വിസ് ബാങ്ക് ശാഖകളില്‍നിന്ന് ലഭിച്ച കണക്കുകളാണിതെന്നും എസ്എന്‍ബി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ കള്ളപ്പണമായി കണക്കാക്കാനാവില്ലെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments