![](/wp-content/uploads/2021/06/pathanapram.jpg)
തിരുവനന്തപുരം: പത്തനാപുരത്ത് നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ നിശിത വിമർശനവുമായി ശങ്കു ടി ദാസ്. കേരള പോലീസിന്റെ മൂക്കിൻത്തുമ്പിൽ ഇത്രയും കാര്യങ്ങൾ നടന്നിട്ടും അവരറിയാതെ പോയതും ഉത്തർപ്രദേശ് പോലീസും തമിഴ്നാട് പോലീസും ഇത് കണ്ടെത്തിയതും ശങ്കു ചൂണ്ടിക്കാണിക്കുന്നു. ഫാസിസം വരുന്നോ എന്ന് വടക്കോട്ടു മാത്രം നോക്കിയിരിക്കുന്ന പ്രബുദ്ധ മലയാളികൾ ഇടയ്ക്ക് താഴേക്കും നോക്കണം ബോംബ് ചവിട്ടാതെയെങ്കിലും ഇരിക്കാമല്ലോ എന്ന് അദ്ദേഹം പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:
‘പത്തനാപുരത്തെ കശുമാവിൻ തോട്ടത്തിൽ കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ എന്ന് പറയുന്നത് നാടൻ ബോംബോ തോട്ടയോ ഒന്നുമല്ല.
രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും നാല് ഡിറ്റനേറ്ററുകളും പിന്നെയത് ഘടിപ്പിക്കാൻ ആവശ്യമായ വയറുകളും ബാറ്ററികളും ഒക്കെയാണ്.
തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് Q ബ്രാഞ്ച് രണ്ട് മാസം മുന്നേ പത്തനാപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.
എന്നിട്ടും കേരള പോലീസിന് ഇത് വരെ ഒരു തുമ്പും കിട്ടിയിരുന്നില്ല.
ഇപ്പോൾ വനം വകുപ്പിന്റെ ബീറ്റ് ഓഫീസർമാർ നടത്തുന്ന റുട്ടീൻ ചെക്കിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഇത്രയും സാധനങ്ങൾ കിട്ടിയത്. ഉപേക്ഷിക്കാത്തതും ഉപയോഗക്ഷമവും ആയ ഇനിയെത്ര സാധനങ്ങൾ എവിടൊക്കെ എങ്ങനൊക്കെ ഇരിക്കുന്നു എന്ന കാര്യം ഇപ്പോളും പോലീസിന് അറിയില്ല.
അപ്പോൾ പറഞ്ഞു വന്നത്, വടക്ക് നിന്നെങ്ങാനും ഫാസിസം വരുന്നുണ്ടോ എന്നറിയാൻ മേലേക്ക് നോക്കി നടക്കുന്ന പ്രബുദ്ധ മലയാളികൾ, ഇടയ്ക്കൊന്ന് താഴേക്കും നോക്കുന്നത് നന്നാവും.
ഒന്നൂല്ലെങ്കിലും, കാലിനടിയിൽ കിടക്കുന്ന ബോംബ് ചവിട്ടാതെ കഴിച്ചിലാവാലോ.’
പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം വലിയ തോതിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയെങ്കിലും ഈ സംഭത്തിൽ മുഖ്യധാരാ സോഷ്യൽ ആക്ടിവിസ്റ്റുകളോ എല്ലാത്തിനും പ്രതികരിക്കുന്ന സിനിമാ പ്രവർത്തകരോ ഒരക്ഷരം മിണ്ടിയിട്ടില്ല . ഇടത് വലത് സൈബർ പ്രവർത്തകരും ഇതിനെ കുറിച്ച് ചർച്ചകൾ ഉണ്ടാവാതെ ശ്രദ്ധിക്കുന്നു എന്ന കുറ്റപ്പെടുത്തലും ഉണ്ട്.
Post Your Comments