അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പൊലീസുമായുളള ഏറ്റുമുട്ടലില്‍ ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ തീഗമെട്ട വനപ്രദേശത്ത് നക്‌സല്‍ വിരുദ്ധ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആറു മൃതദേഹങ്ങളും എ.കെ47 അടക്കമുളള ആയുധങ്ങളും പൊലീസ് സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു.
കൊല്ലപ്പെട്ടവരില്‍ ഒരു മുതിര്‍ന്ന മാവോയിസ്റ്റ് നേതാവും വനിതാ അംഗവും ഉള്‍പ്പെട്ടിട്ടുളളതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എ.കെ47 റൈഫിള്‍, ഒരു എസ്.എല്‍.ആര്‍, കാര്‍ബൈന്‍, മൂന്ന് .303 റൈഫിളുകള്‍, നാടന്‍ തോക്ക് തുടങ്ങിയ ആയുധങ്ങളാണ് പൊലീസ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് നേതാക്കളില്‍ ചിലര്‍ രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments