ന്യൂഡല്‍ഹി: ഓഹരി മൂല്യത്തില്‍ ഇടിവ് സംഭവിച്ചതിന് പിന്നാലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയ്ക്ക് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പ് കമ്പനികള്‍ തുടര്‍ച്ചയായ നാലാം ദിവസവും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇതോടെ ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ അദാനിയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമാകുകയും ചെയ്തു.
77 ബില്യണ്‍ ഡോളറായിരുന്ന അദാനിയുടെ സമ്പാദ്യത്തില്‍ 14 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചത്. ഇതോടെ ചൈനയിലെ ശതകോടീശ്വരനായ ഷോങ് ഷന്‍ഷാന്‍ അദാനിയെ മറികടന്ന് ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമത്.
ഇക്കഴിഞ്ഞ 14-ാം തീയതിയാണ് അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി(എന്‍എസ്ഡിഎല്‍) മരവിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഇതോടെ അദാനി എന്റര്‍പ്രെയ്‌സസ്, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് തുടങ്ങിയവയുടെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.
Post Your Comments