ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കില്ലെന്ന് പഠനം. ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായാണ് പഠനത്തിൽ പറയുന്നത്.
വൈറസുകളോട് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ആണ് സീറോ പോസിറ്റിവിറ്റി എന്ന് വിശേഷിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ പതിനായിരം കുട്ടികളിലാണ് പഠനം നടത്തിയത്. ഇതിന് എയിംസിന്റെ എത്തിക്സ് കമ്മിറ്റിയുടെയും പഠനത്തിൽ പങ്കെടുത്ത സ്ഥാപനങ്ങളുടെയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. വിവരം ലഭ്യമായ, പഠനത്തിന് വിധേയമാക്കിയ 4509 പേരിൽ, 700 പേർ 18 വയസ്സിനു താഴെയുള്ളവരാണ്. 3809 പേർ പതിനെട്ടു വയസ്സുള്ളവരാണ്.
ഡൽഹി അർബൻ, ഡൽഹി റൂറൽ, ഭുവനേശ്വർ, ഗോരഖ്പുർ, അഗർത്തല എന്നിവിടങ്ങളിൽനിന്ന് പഠനത്തിന് വിധേയമാക്കിയ കുട്ടികളുടെ ശരാശരി പ്രായം 11 മുതൽ 14 വയസു വരെയായിരുന്നു. മാർച്ച് 15 നും ജൂൺ പത്തിനും ഇടയിലാണ് പഠനത്തിനു വേണ്ടിയുള്ള വിവരശേഖരണം നടത്തിയത്. പഠനത്തിന് വിധേയരാക്കിയവരിലെ സാർസ് കൊവ്-2 വൈറസിനെതിരായ ടോട്ടൽ സെറം ആന്റിബോഡിയെ കണക്കാക്കാൻ എലിസ കിറ്റുകളാണ് ഉപയോഗപ്പെടുത്തിയതെന്ന് പഠനം നടത്തിയ ഗവേഷകർ വിശദമാക്കി.
പ്രായപൂർത്തിയായവരെ അപേക്ഷിച്ച് കുട്ടികളിൽ സീറോ പോസിറ്റിവിറ്റി കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ കോവിഡ് മൂന്നാംതരംഗം രണ്ടുവയസ്സോ അതിനു മുകളിലോ പ്രായമുള്ള കുട്ടികളെ ബാധിക്കാൻ സാധ്യത കുറവാണെന്നും ഗവേഷകർ വിലയിരുത്തുന്നു.
Read Also: ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി തന്ത്രം : മലക്കം മറിഞ്ഞ് മമത
Post Your Comments