ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെത്തി സൈനികരുമായി സംവദിച്ച് നടന്‍ അക്ഷയ് കുമാര്‍. പാകിസ്താന്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം ബിഎസ്എഫ് ജവാന്‍മാരുമായി ആശയവിനിമയം നടത്തി. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
വടക്കന്‍ കശ്മീരിലെ ഗുരെസ് സെക്ടറിലാണ് അക്ഷയ് കുമാര്‍ എത്തിയത്. ഹെലികോപ്ടറില്‍ എത്തിയ താരത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെ ധീര സൈനികരെ കാണാനായി അക്ഷയ് കുമാര്‍ വീണ്ടും എത്തിയെന്നും ഫോര്‍വേഡ് പോസ്റ്റ് സന്ദര്‍ശിക്കാനായാണ് അദ്ദേഹം കശ്മീരിലെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു.
കശ്മീരിലെത്തിയ അക്ഷയ് കുമാര്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ രാകേഷ് അസ്താനയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഫോര്‍വേഡ് പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും ബിഎസ്എഫ് ജവാന്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഇതിന് മുന്‍പും അക്ഷയ് കുമാര്‍ കശ്മീരിലെ അതിര്‍ത്തികള്‍ സന്ദര്‍ശിക്കുകയും ജവാന്‍മാരുമായി ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments