മുംബൈ: അടുത്ത രണ്ടുമുതൽ നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് നൽകി ടാസ്‌ക് ഫോഴ്‌സ്. കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോസ്‌ക് ഫോഴ്‌സ് പറയുന്നു.
കഴിഞ്ഞ മൂന്നുദിവസത്തെ ആൾക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചു കൊണ്ടാണ് ടാസ്‌ക് ഫോഴ്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മൂന്നാംതരംഗം ഉണ്ടായാൽ അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മൂന്നാം തരംഗം സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ ടാസ്‌ക്ഫോഴ്സ് നൽകിയത്. സംസ്ഥാന ആരോഗ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ 19 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. രണ്ടാം തരംഗത്തിൽ 40 ലക്ഷത്തോളം കേസുകൾ സംസ്ഥാനത്തുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. മൂന്നാം തരംഗത്തിൽ ആക്ടീവ് കേസുകളുടെ എണ്ണം എട്ടുലക്ഷത്തിലേക്ക് എത്തിയേക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.
Read Also: ഒടുവിൽ മുട്ടുകുത്തി: ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് ഐഷ സുൽത്താന
Post Your Comments