NattuvarthaLatest NewsKeralaNews

‘നടക്കുന്നത് അന്വേഷണ നാടകം, മരം കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താൻ’: കെ.സുരേന്ദ്രന്‍

ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്

തിരുവനന്തപുരം: മരം കടത്തിയ സംഭവത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്നും, കേസിൽ നടക്കുന്നത് അന്വേഷണ നാടകമാണെന്നും സുരേന്ദ്രൻ പറഞ്ഞു. നിയമം കൊണ്ടുവന്നത് കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ പിന്നീട് നിര്‍ത്തിക്കളഞ്ഞത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.

സംഭവിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ടെന്നും, അതിനാൽ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ മരങ്ങളുമായി ലോറികൾ എറണാകുളം വരെ എത്തിയതെന്നും, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച് നടക്കുന്ന അന്വേഷണം വെറും അന്വേഷണ നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരിയായ അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുന്നത് ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കില്ലെന്നും, സി.പി.എമ്മും സി.പി.ഐയും പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്നും, ഇത്തവണ വനം വകുപ്പ് എന്‍.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ കുറിച്ച് അറിയാവുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button