ക്വാഹ്‌ലാതി : കോവിഡ് നിയന്ത്രണങ്ങളെ അവഗണിച്ച് വജ്ര ശേഖരണത്തിനൊരുങ്ങി ഒരു ജനത. ദക്ഷിണാഫ്രിക്കന്‍ ഗ്രാമമായ ക്വാഹ്ലാതിയിലാണ് വജ്രം കണ്ടെത്തിയതായി വാര്‍ത്ത പരന്നത്. ഇതോടെ വജ്രം കുഴിച്ചെടുക്കുന്നതിനായി ഒരേ സമയം പതിനായിരക്കണക്കിന് ആളുകളാണ് സ്ഥലത്ത് എത്തിയത് . പിക്കാസുകളും മണ്‍വെട്ടിയും മറ്റായുധങ്ങളുമായി എത്തുന്ന ജനങ്ങള്‍ ഗ്രാമത്തിലെ വരണ്ട മണ്ണില്‍ പതിനായിരക്കണക്കിനു കുഴികളാണ് എടുക്കുന്നത്.
കുഴിക്കുന്ന പലര്‍ക്കും സ്ഫടികരൂപമുള്ള വജ്രത്തെ അനുസ്മരിപ്പിക്കുന്ന സുതാര്യമായ കല്ലുകള്‍ കിട്ടുന്നുണ്ട്. ഇതു വജ്രമാണോയെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ ഡിപ്പാര്‍ട്മെന്റ് ഓഫ് മിനറല്‍ റിസോഴ്സസ് ആന്‍ഡ് എനര്‍ജി (ഡിഎംആര്‍ഇ) ഇതിനെക്കുറിച്ച് ഗവേഷണം നടത്താനും വജ്രമാണോയെന്ന് ഉറപ്പിക്കാനും ഭൗമശാസ്ത്രജ്ഞരും കെമിസ്റ്റുകളുമടങ്ങിയ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഇന്നലെ മുതല്‍ സ്ഥലത്തു പരിശോധനകള്‍ തുടങ്ങി. എന്നാല്‍ ഇവ വജ്രങ്ങളല്ലെന്നും മറിച്ച് ക്വാര്‍ട്സ് ക്രിസ്റ്റല്‍ തരികളാണെന്നും അഭ്യൂഹമുണ്ട്.
ലോകത്ത് വന്‍കിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണു ദക്ഷിണാഫ്രിക്ക. 1866 ല്‍ ഇരാസ്മസ് ജേക്കബ്‌സ് എന്ന യുവകര്‍ഷകനാണ് ആദ്യമായി ഇവിടെ വജ്രം കണ്ടെത്തിയത്.
Post Your Comments