തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ പരോക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. 2021ലെ ആഗോള പട്ടിണി സൂചിക വരുമ്പോള്‍ ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകുമെന്ന് തോമസ് ഐസക്ക് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ‘കൊവിഡിന്റെ ഒരു വര്‍ഷക്കാലം മഹാഭൂരിപക്ഷം ജനങ്ങളെയും പാപ്പരാക്കിയിരിക്കുകയാണ്. സൗജന്യ ധാന്യം മാത്രം പോരാ, കുറച്ചു കാശുകൂടി കൊടുക്കണം. അല്ലെങ്കില്‍ കേരളത്തിലെപ്പോലെ കിറ്റുകൂടി നല്‍കണം’- തോമസ് ഐസക്ക് പറഞ്ഞു. 2020ലെ ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം 107 രാജ്യങ്ങളില്‍ 94ാമത് ആയതില്‍ അത്ഭുതമുണ്ടോയെന്നും ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയവയുടെ സ്ഥാനം ഇന്ത്യയ്ക്ക് മുകളിലാണെന്നും തോമസ് ഐസക്ക് ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേയ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
2020ലെ ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ സ്ഥാനം 107 രാജ്യങ്ങളില്‍ 94ാമത് ആയതില്‍ അത്ഭുതമുണ്ടോ? നമ്മുടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയവയുടെ സ്ഥാനം നമുക്കു മുകളിലാണ്. 7 കോടി ടണ്‍ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഒരു രാജ്യത്താണ് ഈ അവസ്ഥാവിശേഷമെന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.
കോവിഡുകാലത്ത് ഇന്ത്യയിലെ പട്ടിണിക്ക് എന്തു സംഭവിച്ചൂവെന്നതിന്റെ ഒരു പരിച്ഛേദചിത്രം ഹംഗര്‍ വാച്ച് (Hunger Watch) എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ ലഭിക്കും. ഇവര്‍ കോവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് 11 സംസ്ഥാനങ്ങളിലായി ഏതാണ്ട് 4000 കുടുംബങ്ങളുടെ ഒരു സര്‍വ്വേ നടത്തുകയുണ്ടായി (കേരളവും തമിഴ്‌നാടും ഇതില്‍ ഉള്‍പ്പെടില്ല). ഈ സര്‍വ്വേയില്‍ പങ്കെടുത്ത കുടുംബങ്ങളില്‍ 90 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ കുറവുണ്ടായി. 27 ശതമാനം കുടുംബങ്ങള്‍ക്കു വരുമാനമേ ഇല്ല. 24 ശതമാനം കുടുംബങ്ങള്‍ക്കു വരുമാനം പകുതിയായി കുറഞ്ഞു. 20 ശതമാനം കുടുംബങ്ങള്‍ക്കു വരുമാനം നാലിലൊന്നായി കുറഞ്ഞു.
സര്‍വ്വേയില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം മൊത്തം കുടുംബങ്ങളില്‍ 24 ശതമാനത്തിന്റെ ഗോതമ്പ്, അരി ഉപഭോഗം ഗണ്യമായി കുറഞ്ഞൂവെന്നുള്ളതാണ്. നോക്കാന്‍ ആളില്ലാത്ത വയോജന കുടുംബങ്ങള്‍, പട്ടികജാതിക്കാര്‍, സ്ത്രീകള്‍ ഗൃഹനാഥകളായിട്ടുള്ള കുടുംബങ്ങള്‍, മുസ്ലിം കുടുംബങ്ങള്‍ എന്നിവരില്‍ ഇത്തരക്കാര്‍ 30 ശതമാനത്തിലേറെ വരും. ഇത് പ്രത്യക്ഷത്തില്‍ വിശദീകരണം അര്‍ഹിക്കുന്ന ഒരു പ്രതിഭാസമാണ്. കാരണം ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെ അഞ്ചുകിലോ സൗജന്യ ധാന്യം റേഷന്‍കാര്‍ഡ് വഴി വിതരണം ചെയ്യുകയുണ്ടായി. പിന്നെ എന്തുകൊണ്ട് ഇത്ര കൂടുതല്‍ കുടുംബങ്ങള്‍ക്ക് ആവശ്യത്തിനു ധാന്യം കിട്ടിയില്ല? സര്‍വ്വേയില്‍ റേഷന്‍കാര്‍ഡ് ഇല്ലാത്ത കുടുംബങ്ങളുടെ കണക്കുണ്ട്. അതുപ്രകാരം 23 ശതമാനം കുടുംബങ്ങള്‍ക്കു റേഷന്‍കാര്‍ഡ് ഇല്ല. 10 കോടി ആളുകള്‍ റേഷന്‍ സംവിധാനത്തിനു പുറത്താണ് (കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലേ സമ്പൂര്‍ണ്ണ റേഷന്‍കാര്‍ഡ് നിലവിലുള്ളൂ). അതുകൊണ്ടാണ് ജോണ്‍ ഡ്രീസിനെപ്പോലുള്ള പണ്ഡിതരും ഇടതുപക്ഷ പാര്‍ട്ടികളും റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും ധാന്യം കൊടുക്കുന്നതിനുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്നത്.
പട്ടിണി കൊടികുത്തി വാഴുകയാണ്. ഒട്ടനവധി ദിവസം ഊണുപോലും കഴിക്കാന്‍ കഴിയാത്തവര്‍ 30 ശതമാനം വരും. ഭക്ഷണത്തിന്റെ കുറവുമൂലം 40 ശതമാനം കുടുംബങ്ങളുടെ പോഷകനിലയില്‍ ഇടിവുണ്ടായി. 45 ശതമാനം കുടുംബങ്ങളും ഭക്ഷണത്തിനുവേണ്ടി വായ്പയെടുക്കേണ്ടിവന്നു. രണ്ടാം കോവിഡുകാലത്ത് പട്ടിണി അതിന്റെ പരമകാഷ്ഠതയില്‍ എത്തും. കാരണം കഴിഞ്ഞ കോവിഡു പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എല്ലാവരുടെയും കൈവശം കുറച്ചുപണമെങ്കിലും സമ്പാദ്യമുണ്ടായിരുന്നു. കോവിഡിന്റെ ഒരുവര്‍ഷക്കാലം മഹാഭൂരിപക്ഷം ജനങ്ങളെയും പാപ്പരാക്കിയിരിക്കുകയാണ്. സൗജന്യ ധാന്യം മാത്രം പോരാ, കുറച്ചു കാശുകൂടി കൊടുക്കണം. അല്ലെങ്കില്‍ കേരളത്തിലെപ്പോലെ കിറ്റുകൂടി നല്‍കണം. അല്ലാത്തപക്ഷം നമ്മുടെ രാജ്യം 2021ലെ ആഗോള പട്ടിണി സൂചിക വരുമ്പോള്‍ നമ്മള്‍ സോമാലിയയ്ക്കും പിന്നിലാകും.
Read Also: കേരളത്തിൽ മദ്യശാലകളും ബാറുകളും തുറക്കും: നിബന്ധനകൾ ഇങ്ങനെ..
Post Your Comments