ബെംഗളൂരു: ബംഗ്ലദേശി യുവതിയെ സ്വകാര്യ ഭാഗത്തു കുപ്പി കയറ്റി ക്രൂരമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ ചോദ്യം ചെയ്തതിലൂടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പൊലീസിന് ലഭ്യമായി. അറസ്റ്റിലായ പ്രധാന പ്രതിയായ ഷോബുജില്‍നിന്നാണ് പൊലീസിന് സെക്സ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മറ്റൊരു സെക്സ് റാക്കറ്റിന്റെ വിവരങ്ങള്‍ കൂടി പുറത്തുവന്നെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.
ഏകദേശം 50 പേരടങ്ങിയ രാജ്യാന്തര സംഘമാണിത്. അഞ്ചു വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ പെണ്‍കുട്ടികളെ ഇന്ത്യയിലേക്കു മാത്രം ഇവര്‍ കടത്തിയിട്ടുണ്ട്. റാഫിഖ് അശ്‌റഫുള്‍ എന്ന വ്യക്തിയുടെ സഹായത്തോടെയാണ് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതെന്നും പൊലീസ് അറിയിച്ചു. ഇതിനും പുറമെ ടിക് ടോക്കിലൂടെയും പെണ്‍കുട്ടികളെ വശീകരിച്ച് ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലേക്കു കടത്തുകയാണെന്ന വിവരവും പൊലീസിനു ലഭിച്ചു.
പിടിയിലായ യുവതികളില്‍നിന്നുള്‍പ്പെടെ ഇതു സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടി മനുഷ്യക്കടത്തിലൂടെ എത്തിയതാണെന്ന കണ്ടെത്തലാണ് അന്വേഷണം ധാക്കയില്‍ എത്തിച്ചത്. തുടര്‍ന്ന് ബംഗ്ലദേശ് റാപ്പിഡ് ആക്‌ഷന്‍ ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതു പേരെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. 2019 മുതല്‍ ടിക്ടോക് ബംഗ്ലദേശില്‍ വ്യാപകമാണെന്നും ഇതിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് മോഡലുകളും മറ്റും ആക്കാമെന്ന വ്യാജേനെയാണ് വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതെന്നും ബംഗ്ലദേശ് പൊലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ പിടിയിലായ ടിക് ടോക് ഹൃദോയ് എന്നയാളുടെ കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട് ബംഗ്ലദേശിലെത്തിയ പെണ്‍കുട്ടിയാണ് നിര്‍ണായക വിവരം പുറത്തുവിട്ടത്. ഇരുപത്തിരണ്ടുകാരിയായ മറ്റൊരു ബംഗ്ലദേശി യുവതിയെ പീഡിപ്പിച്ച വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇയാള്‍ അടുത്തിടെ അറസ്റ്റിലായത്. തിരികെ രക്ഷപ്പെട്ട് ധാക്കയിലെത്തിയ പെണ്‍കുട്ടി വെളിപ്പെടുത്തിയത് വളരെയേറെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. നൂറുകണക്കിന് സ്ത്രീകളാണ് മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്നാണ് കസ്റ്റഡിയിലായ പെണ്‍കുട്ടികളിലൊരാള്‍ പൊലീസിന് മൊഴി നല്‍കിയത്.
ഇന്ത്യയിലെത്തിയാല്‍ ഇവരെ ബംഗാളിലെ ഹൗറയില്‍ എത്തിക്കും. തുടര്‍ന്ന് കുറച്ചു ദിവസം അവിടെ താമസിപ്പിക്കും. ഇതിനിടയില്‍ ഇവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും സംഘടിപ്പിക്കുകയും പിന്നീട് സംഘങ്ങളായി തിരിച്ച് വിവിധ നഗരങ്ങളിലേക്ക് അയയ്ക്കും. തൊഴില്‍ നല്‍കാമെന്ന വ്യാജേനയാണ് ഇവരെ എത്തിക്കുന്നതെന്നും എന്നാല്‍ പിന്നീട് വേശ്യാവൃത്തിക്കു നിര്‍ബന്ധിതരാക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബെംഗളൂരു ആസ്ഥാനമാക്കി പൊലീസ് നടത്തിയ റെയ്ഡില്‍ നാലു പേരെ അറസ്റ്റു ചെയ്യുകയും അഞ്ചു വയസ്സുകാരി ഉള്‍പ്പെടെ ഏഴോളം പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ 46ഓളം രേഖകളും പിടിച്ചെടുത്തു.
Post Your Comments