തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സഹ സംവിധായിക ഐഷ സുല്‍ത്താനയുടേതെന്ന പേരിൽ വ്യാജ വാർത്തകളുണ്ടാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചവർക്ക് മറുപടിയുമായി ഐഷ. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് സിനിമയായ തേന്മാവിൻ കൊമ്പത്തിലെ ഹിറ്റ് ഡയലോഗ് കടമെടുത്തുകൊണ്ട് തൻറെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഐഷയുടെ പ്രതികരണം.
‘താൻ ആരാന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാന്നു, അപ്പോ ഞാൻ പറഞ്ഞൂ തരാം താൻ ആരാന്നും ഞാൻ ആരാന്നും. ചിലർ ഒരുപാട് കഷ്പെടുന്നുണ്ട് എന്നെ ബംഗ്ലാദേശ്ക്കാരി ആക്കാൻ. കഷ്ട്ടം’ – ഐഷ ഫേസ്‌ബുക്കിൽ കുറിച്ചു.
താൻ ജനിച്ചത് ബംഗ്ളാദേശിലാണെന്നും പഠിച്ചത് ലഹോറിലാണെന്നുമുള്ള വ്യാജ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന്റെ പശ്ചാത്തലത്തിൽ ആണ് സത്യം വെളിപ്പെടുത്തി ഐഷ തന്നെ നേരിട്ട് രംഗത്തെത്തിയത്. തന്റെ മാതാപിതാക്കള്‍ ലക്ഷദ്വീപിലെ ചെത്ലാത്ത് ദ്വീപ് സ്വദേശികളാണെന്നും താന്‍ ജനിച്ചു വളര്‍ന്നത് അവിടെ തന്നെയെന്നും ഐഷ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വ്യാജ വാർത്തകൾ സൃഷ്ടിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഐഷ വ്യക്തമാക്കി. നിരവധി വെബ്‌സൈറ്റുകളിൽ ആയിഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചിട്ടുമുണ്ട്. ഇതിൽ പല പ്രൊഫൈലുകളും നിർമിച്ചത് നാല് ദിവസങ്ങൾക്ക് മുൻപാണ്. ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ബിജെപി തന്നെ വേട്ടയാടുകയാണെന്നും ഐഷ പറയുന്നു.
Post Your Comments