പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്‍. ജനപ്രതിനിധികള്‍ക്കുപോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത പിണറായി ഭരണമാണ് കേരളത്തിലെന്ന് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച പാലക്കാട് എം.പി പാര്‍ട്ടിയുടെ അണികള്‍ക്ക് അധികാര ഭ്രാന്താണെന്നും ഇത്തരക്കാരെ ചങ്ങലയ്ക്കിടേണ്ട സമയം അതിക്രമിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രമ്യ ഹരിദാസിന് എതിരെയുള്ള ഇത്തരത്തിലുള്ള ഭീഷണികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പാലക്കാട് എസ്.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്’- വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു എം.പിയുടെ പ്രതികരണം. നേരത്തെ നിയുക്ത കെ.പി.സി.സി അധ്യക്ഷനും രമ്യയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ഒരു പ്രദേശത്ത് അവിടുത്തെ എംപിക്ക് പോകാന്‍ പാടില്ലായെന്ന് വിലക്ക് കല്‍പ്പിക്കാന്‍ ഇവര്‍ ആരാണെന്നും ഭയപ്പെടുത്തി നിശബ്ദമാക്കാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് രമ്യാ ഹരിദാസ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍, നജീബ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Post Your Comments