പാറ്റ്‌ന: ബീഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി പിളര്‍പ്പിലേക്ക്. പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്റെ അമ്മാവന്‍ പശുപതി പരസാണ് നീക്കത്തിന് നേതൃത്വം നല്‍കുന്നത്. ലോക് സഭയിലെ ആറ് അംഗങ്ങളില്‍ നാല് പേര്‍ തങ്ങളെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിട്ടുണ്ട്. സ്പീക്കര്‍ അത് പരിഗണിക്കുന്നതോടെ പിളര്‍പ്പ് ഔദ്യോഗികമാവും. ഒറ്റ രാത്രികൊണ്ട് പാര്‍ട്ടിയിലെ ഏക എം.പിമായി ചിരാഗ് മാറി. ഒപ്പമുണ്ടായിരുന്നു അഞ്ച് എം.പിമാരും പാര്‍ട്ടി വിട്ടു. തങ്ങളെ പ്രത്യേക ബ്ലോക്കായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
രാംവിലാസ് പാസ്വാന്റെ സഹോദരനായ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് ചിരാഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയത്. രാംവിലാസ് പാസ്വാന്റെ മരണത്തിന് ശേഷം ഇരുവരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരും ഏറെ നാളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. ചിരാഗിന്റെ ഏകാധിപത്യപ്രവണതകള്‍ക്കെതിരേയാണ് പരസിന്റെ നീക്കം. അദ്ദേഹം ജെഡിയുവിന്റെ എംപിയുമായി ബന്ധം സ്ഥാപിച്ചതായി റിപോര്‍ട്ട് പുറത്തുവന്നു.
പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. പരസിന് പുറമെ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസര്‍ എന്നിവരാണ് പാര്‍ട്ടി വിട്ടത്. അടുത്ത അനുയായി ആയ ലലന്‍ സിങ് വഴിയാണ് എം.പിമാരുമായി നിതീഷ് ധാരണയിലെത്തിയതെന്നാണ് വിവരം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച് പരസ് രംഗത്തുവന്നത് പുതിയ ഗ്രൂപ്പിന്റെ നീക്കത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണെന്നാണ് കരുതുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിട്ട് ഒറ്റക്ക് മത്സരിച്ച ചിരാഗ് നിതീഷിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ബി.ജെ.പിക്കും ആര്‍.ജെ.ഡിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജെ.ഡി.യുവിന്റെ സ്ഥാനം. ഇതിനുള്ള മറുപടിയാണ് നിതീഷിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഗ്രൂപ്പ് എന്‍ഡിഎയുടെ ഭാഗമായിത്തന്നെ നില്‍ക്കുകയും ചെയ്യും.
സംഘടയിലെ 99 ശതമാനവും എല്‍ജെപിയിലുണ്ടെന്നും യഥാര്‍ത്ഥത്തില്‍ താന്‍ പാര്‍ട്ടിയെ രക്ഷിക്കുകയാണെന്നുമാണ് പരസിന്റെ നിലപാട്. നിതീഷുമായി ഇടഞ്ഞതില്‍ മിക്കവാറും എല്‍ജെപിക്കാര്‍ക്ക് നീരസമുണ്ട്. പുതിയ വിമതനീക്കത്തിനു കാരണവും അതാണെന്നാണ് കരുതുന്നത്. രാം വിലാസ് പാസ്വാന്റെ മരണത്തെത്തുടര്‍ന്നാണ് മകന്‍ ചിരാഗ് പാസ്വാന്‍ പാര്‍ട്ടി മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments