പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വർഷമായി മുറിയില് അടച്ചിട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവാവിന്റെ മാതാപിതാക്കൾ. കാമുകിയെ തന്റെ മുറിയിലാണ് ഒളിപ്പിച്ചതെന്ന റഹ്മാന്റെ വാദങ്ങൾ തള്ളിക്കൊണ്ട് യുവാവിന്റെ മുറിയിലെ ഓരോ കാര്യങ്ങളും തെളിവ് സഹിതം അവർ ചൂണ്ടിക്കാട്ടി. ആഹാരം പോലും ഒരാൾക്ക് കഴിക്കാനുള്ളതാണ് മകൻ എടുക്കാറുള്ളതെന്ന് ഇവർ പറയുന്നു.
ചില സമയങ്ങൾ ഒപ്പമിരുന്ന് കഴിക്കാറുണ്ടെന്നും ചിലപ്പോൾ മാത്രമാണ് മുറിക്കകത്തേക്ക് ഭക്ഷണം കൊണ്ട് പോകുന്നതെന്നും ഇവർ പറയുന്നു. റഹ്‌മാൻ ഇവരെ മറ്റെവിടെയെങ്കിലും ആയിരിക്കാം പാർപ്പിച്ചിരുന്നത് എന്നും അഥവാ ഇവിടെ കൊണ്ടുവന്നെങ്കിലും വളരെ കുറച്ചു ദിവസം ഉണ്ടായിരുന്നിരിക്കാം എന്നുമാണ് മാതാപിതാക്കളുടെ പക്ഷം. റഹ്മാൻ മിക്കപ്പോഴും ജോലിക്കു പോയിരുന്നില്ലെന്നും ഇവർ പറയുന്നു. ഇരുവരും പറഞ്ഞു പഠിപ്പിച്ചത് പോലെയാവാം കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്നതെന്നും ഇവർ പറയുന്നു.
ഇതോടെ, യുവതിയെ ഒളിപ്പിച്ച സംഭവത്തെ കുറിച്ച് യുവാവ് പറഞ്ഞ വാദങ്ങളെല്ലാം നുണയാണെന്ന് വ്യക്തമാവുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേസമയം ഇത് സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷൻ വിലയിരുത്തി. കൂടാതെ സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുക്കുകയും ചെയ്തു.
സൂര്യപ്രകാശം പോലും ഏൽക്കാതെ യുവതിയെ ഇവിടെ പാർപ്പിച്ചതിൽ കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. സജിത എന്ന യുവതി അയൽവാസിയായ റഹ്മാന് എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില് പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളിൽ കഴിഞ്ഞുവെന്ന വാർത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ് എന്നും കമ്മീഷൻ പറയുന്നു.
Post Your Comments