കൊല്‍ക്കത്ത: മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് തിരികെ പോയ സംഭവത്തില്‍ പ്രതികരണവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുകുള്‍ റോയ് തിരികെ പോയത് ബിജെപിയെ ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘മൂന്നര വര്‍ഷം മുന്‍പാണ് മുകുള്‍ റോയ് ബിജെപിയിലെത്തിയത്. എന്നാല്‍ ഇക്കാലയളവില്‍ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും ഗുണമുണ്ടായതായി അറിയില്ല. ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളിലാണ് ഞങ്ങള്‍ ആശങ്കപ്പെടുന്നത്. തൃണമൂല്‍ ഗുണ്ടകളില്‍ നിന്നും ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്’- ദിലീപ് ഘോഷ് വ്യക്തമാക്കി.
അതേസമയം, മുകുള്‍ റോയിയുടെ മടങ്ങിപ്പോക്ക് ആശ്ചര്യപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു. മുകുള്‍ റോയ് ബംഗാളിലെ പ്രമുഖ നേതാവാണ്. പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിച്ചപ്പോള്‍ ബിജെപി അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നുവെന്നും അന്ന് മുകുള്‍ റോയ് തൃണമൂലിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്നാണ് വിശേഷിപ്പിച്ചതെന്നും മജുംദാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments