ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനം പുന:പരിശോധിക്കുമെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ക്ലബ് ഹൗസ് ചാറ്റില്‍ പാകിസ്താനി മാധ്യമ പ്രവര്‍ത്തകനോടാണ് ദിഗ് വിജയ് സിംഗ് ഇക്കാര്യം പറഞ്ഞത്.
ബിജെപി നേതാവ് അമിത് മാള്‍വ്യയാണ് ദിഗ് വിജയ് സിംഗിന്റെ വിവാദ പ്രസ്താവന പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ തീരുമാനം ഇതാണെങ്കില്‍ പാകിസ്താന് വേണ്ടതും ഇതുതന്നെയാണെന്ന് അമിത് മാള്‍വ്യ ട്വിറ്ററില്‍ കുറിച്ചു. കശ്മീരില്‍ വിഘടനവാദത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അമിത് മാള്‍വ്യയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, സംബിത് പത്ര എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) എന്നത് ആന്റി നാഷണല്‍ ക്ലബ് ഹൗസ് (എഎന്‍സി) എന്നാക്കി മാറ്റണമെന്ന് സംബിത് പത്ര പരിഹസിച്ചു. മോദിയോട് വിദ്വേഷമുള്ളവരെ രാജ്യത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവരാക്കി മാറ്റുന്ന ഒരു തരം ക്ലബ് ഹൗസാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിലേയ്ക്ക് വിഘടനവാദികളെ തിരികെ കൊണ്ടുവരണോ എന്ന ചോദ്യത്തിന് സോണയ ഗാന്ധി മറുപടി നല്‍കണമെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.
Post Your Comments