കോഴിക്കോട്: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഇ.ഡി. കത്തുനല്‍കി. മരംമുറിക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആര്‍, മഹസ്സര്‍ എന്നിവയുടെ പകര്‍പ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. മരംമുറിയുടെ വിശാദംശങ്ങള്‍ തേടിയാണ് കത്ത്. ജൂണ്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് വനംവകുപ്പിന് നല്‍കുന്നത്.
കത്തുനല്‍കിയിട്ട് ഒരാഴ്ചയായിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. വിഷയത്തില്‍ രാഷ്ട്രീയ തീരുമാനം വരാനായി വനംവകുപ്പ് കാത്തിരിക്കുന്നുവെന്ന സൂചയാണ് ലഭിക്കുന്നത്. ഇ.ഡിക്ക് ഇത്തരത്തില്‍ വിശദാംശങ്ങള്‍ നല്‍കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തീരുമാനം കൂടി വരട്ടേയെന്നാണ് വനംവകുപ്പിന്റെ നിലപാട്. മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കാനാണെന്ന് ഇ.ഡി. കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുമ്പോള്‍ അത് കള്ളപ്പണം ആയേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ നീക്കം. കത്തിന് വനംവകുപ്പ് മറുപടി നല്‍കാതിരിക്കുന്ന പക്ഷം ഇ.ഡി. നിയമപരമായി നീങ്ങിയേക്കും.
Post Your Comments