കൊച്ചി : വിവാഹവും പ്രണയവും ചർച്ചയാകുമ്പോൾ ആദ്യം ഉയർന്നുവരുന്ന കാര്യമാണ് ജാതിയും മതവും. എത്ര പുരോഗമനം പറഞ്ഞാലും കുടുംബത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരുടെയും ചിന്തകൾ പഴയരീതിയിലാകും. ഈ സാഹചര്യത്തില്‍ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് നിഷാദ് ഹസന്‍ എന്ന യുവാവ്. ഫേസ്ബുക്കിലെ സൗഹൃദ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളിൽ വിവാഹത്തെ കുറിച്ചും മതം മാറാത്ത തന്റെ ഭാര്യയെ കുറിച്ചും നിഷാദ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
നിഷാദ് ഹസന്റെ കുറിപ്പ്,
എന്തിനാണ് നിങ്ങള്‍ ഇത്ര ആകുലത പെടുന്നത്. ? എന്താണ് മതം? എന്താണ് പ്രണയം? ഞങ്ങള്‍ പരസ്പരം ഇഷ്ട്ടപ്പെട്ടാണ് കല്യാണം കഴിച്ചത്. എന്റെ ഉമ്മയും ഉപ്പയും വളര്‍ന്ന കാലഘട്ടത്തില്‍ നിന്ന് ഒരു പാട് ദൂരമുണ്ട് നിലവിലെ ഞങ്ങളുടെ ജീവിതത്തിലേക്ക്. എന്റെ ഉമ്മ പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. കുട്ടികാലത്ത് കൂട്ടുകാരികളോടെത്ത് കണ്ണ് പൊത്തി കളിക്കുന്ന സമയത്താണ് എന്റെ ഉപ്പ ഉമ്മയെ പെണ്ണ് കാണാന്‍ ചെല്ലുന്നത്. പതിനഞ്ചാമത്തെ വയസ്സിലാണ് അവരുടെ വിവാഹം നടന്നത്.
അഞ്ച് നേരം നിസ്‌കാരവും ചിട്ടയുമായി കഴിയുന്ന ആളാണ് എന്റെ ഉമ്മ. എന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ കെട്ടിയ പെണ്ണിനോട് മതം മാറാന്‍ അവര്‍ പറഞ്ഞപ്പോള്‍ ഞാനെന്തിന് എന്റെ ഉമ്മയോട് ചൂടാകണം. .. അവര്‍ ശീലിച്ച കാര്യങ്ങളാണ് അവര്‍ പറയുന്നത്. അവര്‍ക്കത് അങ്ങനെ പറയാനേ സാധിക്കൂ. ഞാനൊന്നേ ചേദിച്ചുള്ളൂ. ഇത്രയും കാലം ഇങ്ങള് നിസ്‌കാര പായ വിരിച്ച് പ്രാര്‍ത്ഥിച്ചു. നാളെ മുതല്‍ ഇങ്ങള് അമ്ബലത്തില്‍ പോയാമതി എന്ന് പറഞ്ഞാല്‍ നടക്കുമോ? ഞാനൊരിക്കലും മതം മാറ്റില്ല എന്ന് പറഞ്ഞ് കൊണ്ടാണ് അവളെ കൊണ്ടുവന്നത്. എന്റെ കൂടെ അവള്‍ സന്തോഷവതിയാണ്, ഞാനവളെ ഒരിക്കലും മതം മാറ്റുകയുമില്ല. അവള്‍ മതം മാറിയിട്ടുമില്ല. എന്റെ മകനെ സ്‌കൂളില്‍ ചേര്‍ത്തിയ ജാതി കോളത്തില്‍ വരെ ജാതി’ ഇല്ല” എന്നാണ് ഞങ്ങള്‍ എഴുതിയിരിക്കുന്നത്. അല്ലെങ്കിലും എന്തിനാണ് മതം !!
പരസപരം സ്‌നേഹിക്കാനും മനസ്സിലാക്കാനും സാധിച്ചില്ലെങ്കില്‍ എന്തിനാണ് മതം !! സാധിക്കുകയാണെങ്കില്‍ അതാണ് മതം. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുക എന്നുള്ളതിനപ്പുറം എന്റെ ജീവിതത്തില്‍ എന്റെ സ്വാതന്ത്ര്യത്തിനെ എന്റെ സന്തോഷത്തിനെ എന്തിനു നിങ്ങള്‍ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നുള്ളത് പോലും എനിക്ക് മനസ്സിലാകുന്നില്ല. എന്റെ കുടുംബത്തിലെ എല്ലാവരുമായിട്ട് അവളിപ്പോ ഭയങ്കര കൂട്ടാണ്. അവള് ചിലപ്പോ തട്ടമിടാറുണ്ട് ..അതവള്‍ക്ക് ഇഷ്ട്ടം തോന്നിയിട്ട് ഇടുന്നതാണ് അതാരും പറഞ്ഞിട്ട് ചെയ്യുന്നതല്ല, വന്ന് കയറിയപ്പോള്‍ ഉള്ള പെരുമാറ്റമായിരുന്നില്ല അവളെന്റെ വീട്ടില്‍ ജീവിച്ച് തുടങ്ങിയപ്പോള്‍, എല്ലാവരും അവളെ ഇഷ്ട്ടപ്പെട്ട് തുടങ്ങി അവള്‍ അവരെയും. അവള്‍ കുറി തൊട്ടാലും തട്ടമിട്ടാലും ഇവിടുള്ളവര്‍ക്ക് ഒരു കുഴപ്പവുമില്ല .. പിന്നെ കുറേ പേര്‍ മതം മാറ്റി മതം മാറി എന്ന് പറഞ്ഞ് കരയുന്നതെന്തിനാണാവോ? മറ്റേണ്ടതും മാറേണ്ടതും മതമല്ല മനുഷ്യന്റെ കാഴ്ച്ചപാടാണ് …
Post Your Comments