KeralaLatest NewsNews

കെ. സുധാകരന്‍റെ സ്വഭാവം വെച്ച് നല്ലൊരു കോൺഗ്രസ് പ്രസിഡന്‍റാകാൻ കഴിയില്ല: എ.കെ ബാലന്‍

വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ടിടത്ത് സുധാകരന്റെ നില അതിനേക്കാള്‍ ദയനീയമായിരിക്കും

തിരുവനന്തപുരം : കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കിയത് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് സി.പി.എം നേതാവ് എ.കെ ബാലന്‍. സുധാകരന്‍ അധ്യക്ഷ പദവി കാലങ്ങളായി ആഗ്രഹിക്കുന്നതാണ്. അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ടിടത്ത് സുധാകരന്റെ നില അതിനേക്കാള്‍ ദയനീയമായിരിക്കും. പരാജയപ്പെട്ട ഒരു കെ.പി.സി.സി പ്രസിഡന്റ് എന്ന് ചരിത്രത്തിൽ സുധാകരന്റെ പേര് രേഖപ്പെടുത്തുമെന്നും എ.കെ ബാലന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.

Read Also  :   സോണിയാമ്മൂമ്മയും മോനും മോളും, സുധാകരന് 73, കോൺഗ്രസിൽ യുവ നേതൃത്വം?: കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് എസ് സുരേഷ്

കുറിപ്പിന്റെ പൂർണരൂപം :

കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേറ്റത് കേരളത്തിൽ കോൺഗ്രസ്സിലെ പ്രതിസന്ധി രൂക്ഷമാക്കും. ഏറെക്കാലമായി സുധാകരൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു കെപിസിസി പ്രസിഡൻ്റ് സ്ഥാനം. ഇത്തരം ആഗ്രഹമുള്ള പലരും അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സുധാകരന് അത് പരസ്യമായി പ്രകടിപ്പിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവം വെച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കാൻ സാധിക്കില്ല. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ട സ്ഥാനത്ത് സുധാകരന്റെ നില അതിനേക്കാൾ ദയനീയമായിരിക്കും. അതാണ് ഇന്നത്തെ കോൺഗ്രസ്സിന്റെ അവസ്ഥ.

Read Also  :  വാക്‌സീന്‍ നിര്‍മ്മാണത്തിന്റെ സുരക്ഷാചുമതലയേ‌റ്റെടുത്ത് സി‌.ഐ‌.എസ്‌.എഫ്

സുധാകരനുമായി വളരെക്കാലത്തെ ബന്ധം എനിക്കുണ്ട്. ഏതാണ്ട് അര നൂറ്റാണ്ടോളം നീളുന്ന ബന്ധം. ഇപ്പോഴും വ്യക്തിബന്ധത്തിന് മങ്ങലേറ്റിട്ടില്ല. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഞാൻ കെ എസ് എഫിൻെറയും സുധാകരൻ കെ എസ് യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചു. ആദ്യകാലത്ത് നാമമാത്രമായുണ്ടായിരുന്ന കെ എസ് എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ പരിമിതമായ സാഹചര്യത്തിൽ നിന്ന് ചെറുത്തുതോൽപ്പിക്കാനാണ് ഞാൻ നേതൃത്വം നൽകിയത്. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന സി എച്ച്‌ മുഹമ്മദ്‌കോയ സാഹിബ് ബ്രണ്ണൻ കോളേജിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ കരിങ്കൊടി കാട്ടിയും ചീമുട്ടയെറിഞ്ഞും ആ ചടങ്ങ് അലങ്കോലപ്പെടുത്താൻ സുധാകരൻ ശ്രമിച്ചു. അന്ന് മുഹമ്മദ്‌കോയക്ക് പിന്തുണ പ്രകടിപ്പിച്ച് ശക്തമായ മുദ്രാവാക്യം മുഴക്കി ചടങ്ങ് സുഗമമായി നടത്താൻ ഞാൻ മുന്നിൽ നിന്നതും ഓർക്കുകയാണ്. ഒരു ഘട്ടത്തിൽ ഞങ്ങളെ ആക്രമിക്കാൻ സുധാകരനും സംഘവും വന്നപ്പോൾ അതിനെ ചെറുക്കാൻ സ. പിണറായി വിജയൻ വന്നതും ഓർമയിലെത്തുന്നു.

Read Also  :  കോവി​ഡ് ബാധി​ച്ച്‌ അമ്മയും മകളും മരിച്ചു: മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

പിന്നീട് സുധാകരൻ കെ എസ് യുവിൽ നിന്ന് മാറി. സംഘടനാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യുവിന്റെ നേതാവായി. ഒരു ഘട്ടത്തിൽ എസ് എഫ് ഐ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സുധാകരൻ സന്നദ്ധനായി. എന്നാൽ എന്നെയാണ് ചെയർമാൻ സ്ഥാനാർത്ഥിയായി എസ് എഫ് ഐ തീരുമാനിച്ചത്. മമ്പറം ദിവാകരനായിരുന്നു കെ എസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി. സുധാകരൻ എൻ എസ് യുവിന്റെയും സ്ഥാനാർത്ഥിയായി. ചെയർമാനായി ഞാൻ വിജയിക്കുകയും ചെയ്‌തു. ബ്രണ്ണൻ കോളേജിൽ കെ എസ് യുവിന്റെ പതനത്തിനു ഒരു കാരണക്കാരൻ സുധാകരനാണ്. കെ പി സി സി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരന്റെ ഒരു ഫേസ്ബുക് കുറിപ്പിൽ ഈ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസ് വിട്ട് സംഘടനാ കോൺഗ്രസിലേക്ക് പോയി ജനതാ പാർട്ടി വഴി പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചുവരികയാണ് സുധാകരൻ ചെയ്തത്. കോൺഗ്രസ്സ് വിട്ടുപോയ സുധാകരൻ വീണ്ടും കോൺഗ്രസിലേക്ക് വന്നപ്പോൾ വലിയ മാർക്സിസ്റ്റ് വിരോധിയാണ് താനെന്നു കാണിക്കാൻ കണ്ണൂർ ജില്ലയിൽ വലിയ തോതിൽ അക്രമം അഴിച്ചുവിട്ടത് ചരിത്രമാണ്. കണ്ണൂരിൽ രാമകൃഷ്ണന്റെ നേതൃത്വം കോൺഗ്രസ്സിൽ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിൽ അവിടെ കോൺഗ്രസുകാരെ സജീവമാക്കാൻ സുധാകരൻ നേതൃത്വം നൽകി. എന്നാൽ കൂറുമാറി വന്ന ഒരാളെന്ന നിലയിൽ സുധാകരനോട് അവിടത്തെ കോൺഗ്രസ്സുകാരിൽ വലിയൊരു വിഭാഗത്തിന് മാനസികമായ യോജിപ്പില്ല.

Read Also  :  വീട്ടുകാരെ ഉപേക്ഷിച്ച് സജിത റഹ്‌മാനൊപ്പം ഇറങ്ങിപ്പോയി: 10 വർഷം ഒളിച്ച് കഴിഞ്ഞത് യുവാവിന്റെ വീട്ടിൽ, ഒടുവിൽ ട്വിസ്റ്റ്

കോൺഗ്രസ്സിനിടയിൽ ഇത്രയും മാനസികമായ പിന്തുണയില്ലാതെ ഒരാൾ കെ പി സി സി പ്രസിഡൻ്റാകുമ്പോൾ അതിനെ അതിജീവിക്കാൻ സുധാകരൻ തന്റെ തനതു ശൈലിയിൽ പ്രവർത്തിക്കും. അത് കോൺഗ്രസ്സിന്റെ നാശത്തിലായിരിക്കും കലാശിക്കുക. കണ്ണൂർ ജില്ലയിൽ ഇത് കണ്ടതാണ്. സുധാകരന്റെ രാഷ്ട്രീയമായ നിലനിൽപ്പ് തന്നെ മാർക്സിസ്റ്റ് വിരുദ്ധതയായതുകൊണ്ട് അദ്ദേഹം ആ ശൈലിയിൽ നിന്ന് മാറുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. കെ പി സി സി പ്രസിഡന്റ് ആകണമെങ്കിൽ ശക്തമായ മാർക്സിസ്റ്റ് വിരുദ്ധ നിലപാട് വേണമെന്ന തെറ്റായ ധാരണ ഉള്ളതുകൊണ്ടായിരിക്കാം മുല്ലപ്പള്ളി രാമചന്ദ്രനും ആ നിലപാടാണ് കൈക്കൊണ്ടത്. അതിന് എന്താണ് സംഭവിച്ചതെന്ന് കണ്ടുകഴിഞ്ഞു. അതിനൊപ്പം നിൽക്കുന്ന ശൈലിയാണ് സുധാകരന്റേതും. ആ നിലയ്ക്ക് സുധാകരന് കോൺഗ്രസ്സിനകത്തുനിന്നും പുറത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടുമെന്ന കരുതാൻ വയ്യ. ഏതു സമയത്തും കോൺഗ്രസിൻ്റെ ഈ കുപ്പായം വലിച്ചെറിയാനും സുധാകരൻ മടിക്കില്ല.

ഇന്നത്തെ കോൺഗ്രസ്സിന്റെ അവസ്ഥയിൽ നല്ലൊരു കോൺഗ്രസ് പ്രസിഡന്റാകാൻ സുധാകരൻ കഴിയുമെന്ന് തോന്നുന്നില്ല. പരാജയപ്പെട്ട ഒരു കെ പി സി സി പ്രസിഡന്റ് എന്ന് ചരിത്രത്തിൽ സുധാകരന്റെ പേര് രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button