തിരുവനന്തപുരം: കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ തോട്ടവിളകളുടെ വൈവിധ്യവത്കരണത്തിനായി പരമ്പരാഗത വിളകള്‍ക്കു പുറമേ, പുതിയ വിളകള്‍ കൂടി കൃഷിചെയ്യുമെന്ന പ്രഖ്യാപനത്തിൽ തിരുത്തലുകൾ വേണമെന്ന് സി പി ഐ. പ്രഖ്യാപനങ്ങൾക്ക് വേണ്ടി ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താനാകില്ലെന്നാണ് സംസ്ഥാന നേതൃത്വം റവന്യു മന്ത്രിയെ അറിയിച്ചത്
Also Read:മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച് കോടതി
റംബുട്ടാന്, അവക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, മാങ്കോസ്റ്റിന്‍, ലോങ്കന്‍ തുടങ്ങി പുതിയ ഇനം ഫലവര്‍ഗങ്ങള്‍ കൃഷി- വിപണനം ചെയ്യാനാണ് തീരുമാനം. ഭൂപരിഷ്കരണ നിയമത്തില്‍ തോട്ടവിളകള്‍ കൃത്യമായി സൂചിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇതെങ്ങനെ നടപ്പാകുമെന്ന് ബജറ്റില്‍ വിശദീകരിച്ചിരുന്നില്ല. ഈ സംശയം റവന്യൂ വകുപ്പ് വൃത്തങ്ങളും ഉന്നയിച്ചു. അങ്ങനെയാണ് ബജറ്റ് നിര്‍ദേശം സി.പി.എം ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും ഭൂരിപഷ്കരണ നിയമ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാകില്ലെന്ന നിലപാടിലേക്ക് സി.പി.ഐ സംസ്ഥാന നേതൃത്വം എത്തിയത്.
ഭൂപരിഷ്കരണ നിയമത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആകെ തോട്ടം ഭൂമിയുടെ അഞ്ചു ശതമാനത്തില്‍ ഫലവര്‍ഗ കൃഷി, ഡയറിഫാം, ഔഷധ, വാനില കൃഷി എന്നിവക്ക് അനുമതി നല്‍കിയിരുന്നു. തോട്ടങ്ങളില്‍ 10 ഏക്കറില്‍ കുറയാത്ത ഭൂമി ടൂറിസം പദ്ധതി നടത്താനും അനുവദിച്ചു. 2012ല്‍ കൊണ്ടുവന്ന നിയമത്തിന് 2014 ല്‍ ആണ് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്. ഇതിന്റെ ചട്ടം അടക്കം പാസാവുകയും അനുമതി നല്‍കാനുള്ള അവകാശം കലക്ടര്‍മാരില്‍ നിക്ഷിപ്തമാവുകയും ചെയ്തു. എന്നാല്‍, അപേക്ഷ സമര്‍പ്പിച്ച തോട്ടമുടമകള്‍ക്ക് കലക്ടര്‍മാര്‍ അനുമതി നല്‍കിയില്ലെന്നാണ് തോട്ടം മേഖലയുടെ പരാതി. ഈ നിയമത്തിന്റെ പരിധിയില്‍ പുതിയ ബജറ്റ് പ്രഖ്യാപനം ഉള്‍പ്പെടുത്തി നടപ്പാക്കാമെന്നാണ് സി.പി.ഐ യുടെ നിലപാട്. റവന്യൂ വകുപ്പും ഇതു പരിശോധിക്കുകയാണ്. മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന.
ഭൂപരിഷ്കരണ നിയമം പ്രകാരം ഒരാള്‍ക്ക് 15 ഏക്കര്‍ ഭൂമി മാത്രമാണ് കൈവശം വെക്കാന്‍ കഴിയുന്നത്. തോട്ടങ്ങളെ ഈ പരിധിയില്‍നിന്ന് ഒഴിവാക്കി. അതില്‍ മാറ്റം വരുത്തുന്നത് ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കുമെന്നാണ് സി.പി.ഐ നിലപാട്.
Post Your Comments