Latest NewsKeralaIndia

കൊടകര കുഴൽപണക്കേസ് നിലവിലില്ല, വെറും കവർച്ചാ കേസ് മാത്രം: ശങ്കു ടി ദാസ്

ബിജെപിക്ക് ക്ളീൻ ചിറ്റ് നൽകിയ റൂറൽ എസ്.പി പൂങ്കുഴലിയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി പകരം തൃശൂർ റേഞ്ച് ഡി.ഐ.ജി ആയ എ. അക്ബറിന്റെ നേതൃത്വത്തിൽ പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കോഴിക്കോട്: കൊടകര കുഴൽപണക്കേസ് എന്നൊരു കേസ് സംസ്ഥാനത്ത് എവിടെയും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്ന് വസ്തുതകളോടെ വ്യക്തമാക്കി തൃത്താല ബിജെപി സ്ഥാനാർഥി ശങ്കു ടി ദാസ്. കുഴൽപണക്കേസ് എന്നത് മാധ്യമങ്ങളുടെയും സിപിഎമ്മിന്റെയും സൃഷ്ടി മാത്രമാണെന്നും ഇപ്പോൾ ഉള്ളത് ധർമരാജൻ നൽകിയ കവർച്ചാക്കേസിലെ അന്വേഷണം മാത്രമാണെന്നും ആണ് ശങ്കു വ്യക്തമാക്കുന്നത്. ബിജെപിയുടെ പണമാണ് ഇതെന്ന് വരുത്തി തീർക്കാനാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും പോസ്റ്റിൽ വിശദമാക്കുന്നു. ബിജെപി നേതാക്കളെയും പാർട്ടിയെയും മനപ്പൂർവ്വം കരിവാരിത്തേക്കാനുള്ള ഭരണകൂടത്തിന്റെ അധികാരദുർവിനിയോഗം തുറന്നു കാട്ടുകയാണ് തന്റെ കുറിപ്പിലൂടെ ശ്രി ശങ്കു ടി ദാസ്

പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

“കൊടകര സംഭവവുമായി ബന്ധപ്പെട്ട് ഞാനിത് വരെ ഒരു ഫേസ്ബുക് പോസ്റ്റ് പോലും എഴുതാതിരുന്നത് എനിക്ക് പൂർണ്ണമായി അറിവും ബോധ്യവുമുള്ള വിഷയങ്ങളെ പറ്റി മാത്രം അഭിപ്രായം പറയുക എന്ന വ്യക്തിപരമായ നയത്തിന്റെ ഭാഗമായാണ്. എന്നാലിപ്പോൾ എല്ലാ വ്യവസ്ഥാപിത നിയമ സമ്പ്രദായങ്ങളെയും സാമാന്യമായ രാഷ്ട്രീയ മര്യാദകളെയും പോലും കാറ്റിൽ പറത്തി കൊണ്ട് അന്വേഷണം എന്ന പേരിൽ പോലീസ് നടത്തി കൊണ്ടിരിക്കുന്ന ഈ ബിജെപി വേട്ടയെ കാണാത്ത മട്ടിൽ എതിർക്കാതിരിക്കാൻ എനിക്ക് സാധ്യമല്ല.
എന്താണ് ഈ കൊടകര സംഭവം?

കൊടകര കുഴൽപ്പണ കേസ് എന്നതിനെ വിളിക്കാതിരിക്കുന്നത് ബോധപൂർവ്വമാണ്. കാരണം, അങ്ങനെയൊരു കേസ് തന്നെ ഇത് വരെ എവിടെയും നിലവിലില്ല. ഉള്ളത് കൊടകരയിൽ വെച്ച് ഒരു വാഹനം കവർച്ച ചെയ്യപ്പെട്ട സംഭവം മാത്രമാണ്. കഴിഞ്ഞ ഏപ്രിൽ മൂന്നിന് കോഴിക്കോട് നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്നു എന്ന് പറയപ്പെടുന്ന ധർമരാജൻ എന്നയാളെയും അയാളുടെ സുഹൃത്തായ ഷംജീർ ഷംസുദ്ദീനെയും പുലർച്ചെ 4.40ന് അവർ സഞ്ചരിച്ചിരുന്ന KL 56 G 6789 എന്ന നമ്പറിലുള്ള മാരുതി എർട്ടിഗ കാർ കൊടകര മേൽപ്പാലത്തിന് 500 മീറ്റർ തെക്ക് മാറി NH 544 റോഡിൽ വെച്ച് മറ്റു മൂന്നു കാറുകളിലായി വന്ന ഏഴംഗ സംഘം തടഞ്ഞു നിർത്തി കൊള്ളയടിച്ചതാണ് പ്രസ്തുത സംഭവം.

അതിനെ സംബന്ധിച്ച് കൊടകര പോലീസ് സ്റ്റേഷനിൽ ഒരു പരാതിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പരാതി പ്രകാരം, രണ്ട് സ്വിഫ്റ്റ്‌ കാറിലും മറ്റൊരു തിരിച്ചറിയാനാവാത്ത വാഹനത്തിൽ വന്ന കവർച്ചാ സംഘം പരാതിക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുന്നിലും ഇടതു വശത്തും അവരുടെ വാഹനം ഇടിച്ചു കയറ്റി ബ്ലോക്ക് ചെയ്ത ശേഷം വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെയും വലിച്ചിറക്കി ദേഹോപദ്രവം ഏൽപ്പിക്കുകയും അവരുടെ 8 ലക്ഷം വില വരുന്ന എർട്ടിഗ കാറും അതിലുണ്ടായിരുന്ന 25 ലക്ഷം രൂപയുമായി കടന്നു കളയുകയുമാണ് ഉണ്ടായത്.

വസ്തു കച്ചവടത്തിനായി താൻ കൊണ്ട് വന്ന പണവും കാറും അടക്കം ആകെ 33 ലക്ഷം രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചതായാണ് പരാതിക്കാരന്റെ മൊഴി.
അങ്ങനെ 146/2021 എന്ന നമ്പറിലായി 07/04/2021ന് കൊടകര പോലീസ് FIR റജിസ്റ്റർ ചെയ്യുന്നു. FIR പ്രകാരം IPC 395 എന്ന വകുപ്പ് മാത്രമാണ് കണ്ടാലറിയുന്ന ഏഴ് പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
IPC 395 എന്നത് ‘Punishment for Dacoity’ ആണ്. Dacoity എന്നാൽ ‘കൂട്ടായുള്ള കവർച്ച’ അഥവാ ‘സംഘം ചേർന്നുള്ള കൊള്ള’ എന്നർത്ഥം വരുന്ന കുറ്റകൃത്യവുമാണ്.
ഇതാണ്‌ കൊടകര സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിലുള്ള ഒരേയൊരു കേസ്.

ഞാൻ ആവർത്തിച്ചു പറയട്ടെ, കൊടകര പോലീസ് സ്റ്റേഷനിൽ IPC 395 – Dacoity എന്ന വകുപ്പ് മാത്രം ചുമത്തി റെജിസ്റ്റർ ചെയ്തിട്ടുള്ള 146/2021 എന്ന FIR പ്രകാരമുള്ള ഒരൊറ്റ കേസ് അല്ലാതെ കൊടകര സംഭവവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ ഏജൻസിക്ക് മുന്നിലും ഒരു കേസും ഇന്നേ ദിവസം വരെ നിലവിലില്ല.

പിന്നെന്താണ് ഈ കുഴൽ പണ കേസ്?

അത് യാതൊരു നിയമസാധുതയും ഇല്ലാതെ സ്വയമെടുത്ത്, യാതൊരു അധികാരവും ഇല്ലാതെ പോലീസ് അന്വേഷിക്കുന്ന, മാധ്യമങ്ങളിൽ അല്ലാതെ ഒരു രേഖയിലും നിലനിൽക്കാത്ത ഒരു പ്രത്യേക തരം കേസ് ആണ്.
അതിന്റെ തുടക്കം, ധർമരാജന് ബിജെപിയുമായുള്ള ബന്ധം ചൂണ്ടി കാട്ടി കൊണ്ട്, കവർച്ച ചെയ്യപ്പെട്ടത് ബിജെപി തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ട് വന്ന കള്ളപ്പണമാണ് എന്ന തൃശൂരിലെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ആരോപണത്തോടെയാണ്.

അതോടെ മാധ്യമങ്ങളിലും പൊതുമധ്യത്തിലും കൊടകര സംഭവത്തിന് രണ്ട് മാനങ്ങൾ കൈവന്നു. ഒന്ന് പണവും കാറും കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട കവർച്ചാ കേസും, പിന്നൊന്ന് കവർച്ച ചെയ്യപ്പെട്ട പണം എവിടെ നിന്ന് എന്തിന് എത്ര വന്നു എന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഊന്നിയ ഊഹാപോഹങ്ങളും. ഈ ഘട്ടത്തിൽ കവർച്ചാ കേസിനു പിന്നിലും ബിജെപി നേതാക്കൾ തന്നെയാണ് എന്നതായിരുന്നു ആരോപണം എന്നുമോർക്കണം.
ബിജെപിക്ക് വേണ്ടി ബിജെപിക്കാർ കൊണ്ട് വന്ന പണം ബിജെപിക്കാർ തന്നെ ഒറ്റി കൊടുത്തതിന്റെ ഫലമായി ബിജെപിക്കാർ തന്നെ കൊള്ളയടിച്ചതാണ് എന്ന മട്ടിൽ കൊടിയ പ്രചാരണം അരങ്ങേറിയിരുന്നു.
മാധ്യമങ്ങൾ ഉൾപ്പെടെ വലിയ പ്രാധാന്യത്തോടെ അതേറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ കവർച്ച കേസിൽ പിടിയിലായ ഇരുപത്തൊന്നോളം പ്രതികളിൽ ആർക്കും ബിജെപി ബന്ധം ഇല്ലെന്ന് തെളിഞ്ഞതോടെ ആ ആരോപണത്തിന്റെ മുനയൊടിഞ്ഞു. കവർച്ചയിൽ ബിജെപി നേതാക്കൾക്കോ പ്രവർത്തകർക്കോ പങ്കില്ലെന്ന് അന്വേഷണ സംഘത്തെ നയിച്ച തൃശൂർ റൂറൽ എസ്.പി പൂങ്കുഴലി ഐ.പി.എസ് തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയതോടെ ബിജെപി തന്നെ നടത്തിയ കവർച്ച എന്ന കഥയും കഴിഞ്ഞു. പക്ഷെ ബിജെപിയെ പൊതുസമൂഹത്തിന് മുന്നിൽ കള്ളന്മാരും കള്ളപ്പണക്കാരുമാക്കി താറടിക്കാൻ കിട്ടിയ ഒരവസരം അങ്ങനെയങ്ങു കളയരുതല്ലോ!

തൊട്ടടുത്ത ദിവസം തന്നെ ബിജെപിക്ക് ക്ളീൻ ചിറ്റ് നൽകിയ റൂറൽ എസ്.പി പൂങ്കുഴലിയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി പകരം തൃശൂർ റേഞ്ച് ഡി.ഐ.ജി ആയ എ. അക്ബറിന്റെ നേതൃത്വത്തിൽ പുതിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പിന്നീടങ്ങോട്ട് നടക്കുന്ന അന്വേഷണം റെജിസ്റ്റർ ചെയ്ത കവർച്ച കേസ് അവിടെ ഇട്ടിട്ട് നിലവിലേ ഇല്ലാത്ത കള്ളപ്പണ കേസിന്റെ പിന്നാലെയാണ്.
കവർച്ച ചെയ്യപ്പെട്ടത് ഇരുപത്തഞ്ചു ലക്ഷമല്ല, മൂന്നര കോടിയോളമാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ഒക്കെ വെളിപ്പെടുന്നത് ഈ അന്വേഷണത്തിലാണ്.
ഇനിയൊരല്പം നിയമം പറയാം.

കുഴൽപ്പണം അഥവാ ഹവാല ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമം Prevention of Money Laundering Act (PMLA, 2002) ആണ്.
ഹവാല പണത്തിന്റെ കൈകാര്യവും വിനിമയവും കുറ്റകരമാണെന്ന് പ്രസ്താവിച്ചിരിക്കുന്നതും അതിനുള്ള ശിക്ഷ നിശ്ചയിച്ചിരിക്കുന്നതും ഈ നിയമത്തിലാണ്. എന്നാൽ PMLA പ്രകാരമുള്ള കേസുകൾ അന്വേഷിക്കാനോ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനോ പോലീസിന് അധികാരമില്ല.

PMLA നിയമത്തിന്റെ 48ആം വകുപ്പിൽ ആരാണ് ഈ നിയമ പ്രകാരമുള്ള ‘Authority’ എന്ന് വ്യക്തമാക്കുന്നുണ്ട്.
മേല്പറഞ്ഞ സെക്ഷൻ 48 പ്രകാരം സംസ്ഥാന പോലീസ് ഡിപ്പാർട്മെന്റ് PMLA കേസുകൾ അന്വേഷിക്കാനോ കേസിൽ നടപടി എടുക്കാനോ പറ്റുന്ന ഒരു Authority അല്ല. PMLA നിയമത്തിന്റെ തന്നെ സെക്ഷൻ 54 പ്രകാരം കേസ് അന്വേഷിക്കുന്ന അതോറിറ്റിയെ അവർ ആവശ്യപ്പെടുന്ന പക്ഷം Assist ചെയ്യാൻ മാത്രമേ പോലീസിന് സാധിക്കൂ.

Money laundering എന്നത് ഒരു പ്രത്യേക നിയമത്തിന്റെ പരിധിയിൽ വരുന്ന പ്രത്യേക സാമ്പത്തിക കുറ്റകൃത്യമാണ്.
Special offences require specialised agencies എന്ന് തത്വം.
PMLA പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആ പറഞ്ഞ specialised agency എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ED ആണ്.
ED എന്ന അന്വേഷണ ഏജൻസിയുടെ പ്രൈം ഒബ്ജക്റ്റീവ് തന്നെ FEMA, PMLA എന്നീ രണ്ട് നിയമങ്ങൾ നടപ്പാക്കലുമാണ്.

എന്നാൽ കൊടകര സംഭവത്തിൽ PMLA നിയമം ബാധകമാവുന്ന മട്ടിൽ ഹവാല ട്രാൻസാക്ഷന്റെ സാധ്യത ഉണ്ട് എന്ന് EDക്ക് ഇത് വരെ തോന്നിയിട്ടില്ല.
കേസ് അന്വേഷണത്തിന് EDയെ വിളിച്ചു വരുത്തണം എന്നാവശ്യപ്പെട്ടു സലീം മടവൂർ എന്നയാൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് കൈപറ്റി ഹാജർ ആയപ്പോളും ED പറഞ്ഞത് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ആണ് അന്വേഷിക്കേണ്ടത്, money laundering നടന്നതായി പറയാവുന്ന സാഹചര്യം ഇല്ലാത്തത്തിനാൽ ഞങ്ങൾ കേസ് ഏറ്റെടുക്കേണ്ട ആവശ്യമില്ല എന്നാണ്.

പത്ത് ദിവസത്തിനകം അക്കാര്യത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ പോലീസിൽ നിന്നും എഫ്.ഐ.ആറിന്റെ പകർപ്പും മറ്റും വാങ്ങി ED കേസിന്റെ പ്രൈമറി മെറിറ്റ് പരിശോധിച്ച് വരികയാണ്. പരിശോധനക്ക് ശേഷം പത്താം ദിവസം ഇതിൽ ഹവാല ഇടപാട് സംശയിക്കാവുന്ന സാഹചര്യമില്ലെന്നും, കേസ് ഏറ്റെടുക്കാൻ പ്രയാസമുണ്ടെന്നും ED റിപ്പോർട്ട്‌ കൊടുത്താൽ തീർന്നു ഇപ്പറയുന്ന കള്ളപ്പണ കേസ്.

അതിന് മുൻപ് ഇത് ഹവാല തന്നെയാണെന്ന പ്രതീതി പൊതുബോധത്തിൽ സ്ഥാപിച്ചെടുക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പോലീസ് നടത്തുന്ന പൊറാട്ട് നാടകമാണ് നിയമവിരുദ്ധമായ ഈ അന്വേഷണ പ്രഹസനം.
25 ലക്ഷം രൂപയും 8 ലക്ഷത്തിന്റെ കാറും നഷ്ടപ്പെട്ടു എന്നേ ധർമരാജന് കേസുള്ളൂ. എന്നാൽ ധർമരാജന് നഷ്ടപ്പെട്ടത് മൂന്നര കോടിയാണെന്ന ധർമരാജനില്ലാത്ത കേസാണ് കേരളാ പോലീസിന്.
അതിന് തെളിവായി പോലീസ് പറയുന്നത് കേസിലെ പ്രതികളിൽ നിന്നും ഇത് വരെ ഒന്നര കോടി രൂപയോളം കണ്ടെടുത്തിട്ടുണ്ട് എന്നാണ്.

അധികമായി കണ്ടെടുത്ത പണം തന്റെയാണെന്നോ അത് തനിക്ക് തിരിച്ചു വേണമെന്നോ ധർമരാജൻ പറയുന്നില്ല.
എന്നാലും അത് ധർമരാജന്റെ തന്നെയാണെന്നും ധർമരാജൻ അത് കൂടി ഏൽക്കണമെന്നും പോലീസിനാണ് നിർബന്ധം.
അതും പോരാഞ്ഞു തനിക്ക് അത്രയും പണം നൽകിയത് ബിജെപി നേതൃത്വം ആണെന്ന് കൂടി ധർമരാജൻ സമ്മതിക്കുകയും വേണം.
നഷ്ടപ്പെട്ടത് സ്വന്തം പണം ആണെന്നും അത് വസ്തു കച്ചവടത്തിനായി താൻ കൊണ്ട് വന്നതാണെന്നും അത് തനിക്ക് തിരിച്ചു കിട്ടണം എന്നുമായിരുന്നു അയാളുടെ പരാതി എന്നോർക്കണം.

അതിനപ്പുറമുള്ള മൂന്നരയോ നാലോ കോടി ആരുടെ ആയാലും അതിനെന്ത്‌ സംഭവിച്ചാലും അയാൾക്ക് യാതൊരു പ്രശ്നവുമില്ല.
തന്റെ 25 ലക്ഷവും എർട്ടിഗ കാറും മാത്രം തിരിച്ചു കിട്ടിയാൽ അയാളുടെ കേസ് തീർന്നു. പക്ഷെ അങ്ങനെ കേസ് തീരാൻ പോലീസ് സമ്മതിക്കില്ല.
പകരം ധർമരാജന്റെ പക്കൽ മൂന്നര കോടി ഉണ്ടായിരുന്നെന്നും അത് ബിജെപി നേതാക്കൾ ഏൽപ്പിച്ചതാണ് എന്നും തെളിയിക്കാൻ കൊണ്ട് പിടിച്ച് അങ്ങു അന്വേഷണമാണ്.
എന്തൊരു വിചിത്രമായ കേസാണെന്ന് ഓർക്കണം.
എന്നിട്ട് എന്താണ് ഇപ്പറയുന്ന അന്വേഷണം?

ധർമരാജൻ കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് വിളിച്ച എല്ലാ ഫോൺ കോളും ഇരുന്ന് കേട്ട് അതിൽ ബിജെപിയുമായി ബന്ധമുള്ള സകലരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുക.
സാമാന്യ യുക്തിക്കെങ്കിലും നിരക്കുന്ന അന്വേഷണമാണോ ഇവരീ നടത്തുന്നത്!
നിങ്ങളുടെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല ഒരാൾ പിടിച്ചു പറിച്ചോടി എന്ന് നിങ്ങൾ പോലീസിൽ പരാതിപ്പെടുന്നു.
നിങ്ങൾ കൊടുത്ത സൂചന പ്രകാരം പോലീസ് പ്രതിയെ പിടിച്ചപ്പോൾ അയാളുടെ പക്കൽ നിന്ന് നിങ്ങളുടെ മാലക്ക് പുറമെ വേറെയും പത്ത് സ്വർണ്ണ മാലകൾ കൂടി കണ്ടെടുക്കുകയും ചെയ്യുന്നു.

സ്വാഭാവികമായും ഈ പത്ത് മാലകൾ എവിടെ നിന്ന് കിട്ടി എന്ന് പ്രതികളെ ചോദ്യം ചെയ്തല്ലേ പോലീസ് മനസിലാക്കേണ്ടത്.
അല്ലാതെ, നിങ്ങളുടെ ആറു മാസത്തെ ഫോൺ കോളുകൾ എടുത്തു നിങ്ങളോട് സംസാരിച്ചവരെ എല്ലാം വിളിച്ചു വരുത്തി നിങ്ങളുടെ കഴുത്തിലെങ്ങനെ പതിനൊന്നു മാലകൾ വന്നു എന്ന് അന്വേഷിക്കുകയാണോ?
എന്നാൽ അതാണ്‌ കേരളാ പോലീസ് ഇപ്പോൾ ചെയ്യുന്നത്.
അതും ഏറ്റവും ഹീനവും നെറികെട്ടതുമായ ശൈലിയിൽ.
ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നവരുടെ വിവരം അപ്പപ്പോൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു.

തൊട്ടടുത്ത ദിവസം കുഴൽ പണ കേസിൽ ബിജെപി നേതാവിനെ ചോദ്യം ചെയ്തു എന്ന് വാർത്ത വരുത്തുന്നു.
സിപിഎമ്മിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള ഓരോരുത്തരെ ആയി വ്യക്തിപരമായി ടാർഗറ്റ് ചെയ്തു തന്നെ കേസിൽ ബന്ധമുണ്ടെന്ന് വരുത്തി അപകീർത്തിപ്പെടുത്തുന്നു.
നേതാക്കളെയും കഴിഞ്ഞു അവരുടെ കുടുംബാംഗങ്ങളെ പോലും ഇല്ലാത്ത കേസിൽ പെടുത്തി തേജോവധം ചെയ്യുന്നു.
കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനെ ചോദ്യം ചെയ്യാൻ പോകുന്നു എന്ന മട്ടിൽ മാധ്യമങ്ങൾക്ക് മുൻകൂട്ടി വാർത്ത കൊടുത്തതൊക്കെ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്ന അതിക്രമമാണ്.

ബിജെപിയുടെ സംഘടനാപരമായ ഏതെങ്കിലും ചുമതലകളിലോ സജീവ രാഷ്ട്രീയത്തിലോ പോലുമില്ലാത്ത 24 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ആണ് യാതൊരു നിയാമക അടിത്തറയും ഇല്ലാത്ത ഒരു അന്വേഷണത്തിന്റെ പേരിൽ കള്ളപ്പണ കേസിലെ പ്രതിയെ പോലെ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് നിന്ദ്യമായ വ്യക്തിഹത്യക്കും നികൃഷ്ടമായ ട്രോളിംഗിനും ഇവർ എറിഞ്ഞു കൊടുക്കുന്നത്. എന്റെ അറിവിൽ ഈ പറയുന്ന ഹരികൃഷ്ണൻ തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിൽ ഒരു ജോലി സമ്പാദിച്ചു സ്വയം അധ്വാനിച്ച് സ്വന്തം കാലിൽ ജീവിക്കുന്ന ഒരാളാണ്.

അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇടപെടുകയോ അതിന്റെ ഏതെങ്കിലും അനുകൂല്യം പറ്റി സ്വന്തം നില ഭദ്രമാക്കുകയോ ചെയ്തിട്ടുള്ള ‘പുത്രൻ മേൽവിലാസക്കാരൻ’ അല്ലയാൾ. എന്നാൽ കെ. സുരേന്ദ്രന്റെ മകനാണ് എന്ന ഒറ്റ കാരണത്താൽ അയാളോട് ഇത്രമേൽ അനീതി ചെയ്യാൻ പ്രേരിപ്പിക്കുന്ന മനോനില എത്ര ഭീകരമാണ്?!
സ്പ്രിംക്ലർ അഴിമതി മുതൽ സ്വർണ്ണ കടത്ത് കേസിലെ പ്രതിയെ ബാംഗ്ലൂരിലേക്ക് ഒളിച്ചു കടത്തിയ വിഷയത്തിൽ വരെ വീണാ വിജയന് എതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിലുള്ള പ്രതികാര നടപടി മാത്രമാണ് ഈ ചോദ്യം ചെയ്യൽ എന്ന് മനസിലാക്കാൻ ഒരു പ്രയാസവുമില്ല.

കൊടകര സംഭവത്തിൽ കള്ളപ്പണ ഇടപാട് ഉണ്ടെന്നോ, ഉണ്ടെങ്കിൽ തന്നെ അതിൽ ബിജെപിക്ക് പങ്കുണ്ടെന്നോ തെളിയിക്കുന്ന ഒരു വസ്തുതയും ഇന്ന് വരെ പൊതു സമൂഹത്തിനു മുന്നിലില്ല.
മൂന്ന് മൂന്നര നാല് നാലേമുക്കാൽ എന്ന മട്ടിൽ ലേലം വിളിക്കുന്നത് അല്ലാതെ എത്ര രൂപയാണ് ധർമരാജൻ കടത്താൻ ശ്രമിച്ചത് എന്ന് പോലും ഉറപ്പിച്ചു പറയാൻ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ല.
ഏപ്രിൽ ഏഴിന് തുടങ്ങിയ അന്വേഷണം ഇന്നേക്ക് രണ്ട് മാസം പൂർത്തീകരിച്ചിരിക്കുന്നു.

ഇപ്പോളും ഒന്നാം ദിവസം സിപിഎം നേതാക്കൾ നടത്തിയ ആരോപണമല്ലാതെ ഒന്നും തന്നെ മേശപ്പുറത്തില്ല.
ധർമരാജനെ കള്ള പണം ആര് ഏല്പിച്ചു എന്നറിയില്ല.
ആർക്കു കൈമാറാനാണ് ഏൽപ്പിച്ചത് എന്നറിയില്ല.
എത്ര രൂപയാണ് ഏൽപ്പിച്ചത് എന്നറിയില്ല.
എവിടെ നിന്നാണ് അത് എത്തിച്ചത് എന്നറിയില്ല.
അത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആയിരുന്നു എന്നതിന് ഒരു തെളിവുമില്ല.

ഒരു ബിജെപി നേതാവിന് എതിരെയും ഒരു മൊഴിയും എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
എന്നിട്ടും കൊടകര കുഴൽപ്പണ കേസ് എന്നും പറഞ്ഞു മാധ്യമങ്ങളും പോലീസും എന്നും വാർത്ത സൃഷ്ടിക്കുന്നുണ്ട്.
ഇതിങ്ങനെ പറ്റുന്നത്ര ദിവസം കൊണ്ട് നടക്കുന്നതിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ഇതിനകം മനസ്സിലായിട്ടുണ്ട്.
ഈ ധർമരാജന്റെ കയ്യിൽ മൂന്നര കോടി ഉണ്ടായിരുന്നു എന്ന് പറയുന്നത് തന്നെ വിശ്വാസയോഗ്യമായ വാദമല്ല.

ഒരു പെർസ്പെക്ടീവിന് വേണ്ടി പറയുകയാണ്.
നോട്ട് കെട്ടുകളുടെ കനം പരമാവധി കുറയ്ക്കാൻ വേണ്ടി ഏറ്റവും വലിയ ഡിനോമിനേഷൻ ആയ 2000ത്തിന്റെ നോട്ടുകൾ മാത്രം എടുത്താൽ പോലും അങ്ങനെ 100 നോട്ടുള്ള ഒരു ബണ്ടിൽ വേണം രണ്ട് ലക്ഷം രൂപയാവാൻ.
അപ്പോൾ രണ്ട് കോടി രൂപ എന്നാൽ രണ്ടായിരത്തിന്റെ നൂറ് നോട്ടുകൾ വീതമുള്ള 100 കെട്ടുകൾ ആണ്.

മൂന്നര കോടി എന്നാൽ 175 കെട്ടുകൾ.
ഒരു ബാഗിലോ സ്യൂട്ട് കേസിലോ കൊള്ളില്ല ഇത്രയും നോട്ട് കെട്ടുകൾ.
പോലീസ് പറയുന്നത് പ്രകാരം ആണെങ്കിൽ പോലീസും ഇലക്ഷൻ കമ്മീഷനും വഴി നീളെ വാഹന പരിശോധന നടത്തിയിരുന്ന തിരഞ്ഞെടുപ്പ് കാലത്ത് ധർമരാജൻ രണ്ട് ചാക്കിലായി പൈസ നിറച്ചു അതൊരു മാരുതി എർട്ടിഗ കാറിന്റെ ഡിക്കിയിൽ തള്ളി കയറ്റി കോഴിക്കോട് മുതൽ ആലപ്പുഴ വരെയുള്ള 5 ജില്ലകൾ നാഷണൽ ഹൈവേയിലൂടെ താണ്ടാൻ തയ്യാറായിരുന്നിരിക്കണം.
അങ്ങനെയൊരു റിസ്ക് അയാളെടുക്കാൻ ഒരു സാധ്യതയുമില്ല.

പിന്നെ കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ വന്നിറങ്ങുമ്പോൾ കയ്യിലുള്ള രണ്ട് സ്യൂട്ട്കേസുകൾ വട്ടം വരച്ചു കാണിച്ചു ദേ കൊണ്ട് വരുന്നു കേന്ദ്രത്തിൽ നിന്നുള്ള നാന്നൂറ്‌ കോടി എന്ന് പ്രഖ്യാപിക്കുന്ന ആളുകൾക്ക് അത് മതിയാവും.
നാന്നൂറ്‌ കോടി ആവാൻ നേരത്തെ പറഞ്ഞ കണക്കിൽ ഇരുപതിനായിരം കെട്ട് നോട്ട് വേണമെന്നും, അത് രണ്ട് സ്യൂട്ട്കേസിൽ പോയിട്ട് രണ്ട് ഹെലികോപ്റ്ററിൽ തന്നെ കൊള്ളില്ല എന്നതും അവരുടെ വിഷയമല്ലല്ലോ.
അവരോടല്ല ഞാൻ സംസാരിക്കുന്നത്.

എനിക്ക് പറയാനുള്ളത് ബിജെപി നേതൃത്വത്തോടും അനുഭാവികളോടും പിന്നെ രാഷ്ട്രീയ അന്ധത ബാധിക്കാത്ത സാമാന്യ ബുദ്ധിയുള്ള മനുഷ്യരോടും ആണ്.
നേതൃത്വത്തോട്: സത്ഗുണ വൈകൃതം വെടിയണം.
“ഏത് അന്വേഷണത്തോടും ഞങ്ങൾ സഹകരിക്കും, ആര് വിളിപ്പിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവും, ഞങ്ങൾക്കൊന്നും ഒളിക്കാനില്ല” എന്ന നയമൊക്കെ പൊയ്പ്പോയ നല്ല കാലത്തിലെ സുതാര്യതയുടെ അടയാളമാണ്.
അങ്ങനെ ആർക്കെങ്കിലും സത്യസന്ധതയും ധാർമികതയും തെളിയിക്കാവുന്ന നിഷ്കളങ്ക യുഗമല്ലിത്.

നേരെ മറിച്ചു ആ തുറന്ന സമീപനത്തെ ചൂഷണം ചെയ്തു പൊതുസമൂഹത്തിൽ നമ്മളെ കൂടുതൽ താറടിക്കാൻ ചോദ്യം ചെയ്യാൻ ഇരുന്നു കൊടുക്കുന്ന നിങ്ങളുടെ ആ ചിത്രത്തെ തന്നെ എതിരാളികൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും.
ചോദ്യം ചെയ്യലിൽ കിട്ടുന്ന ഉത്തരമൊന്നുമല്ല, ചോദ്യം ചെയ്യപ്പെട്ടു എന്നതിന്റെ ഇമ്പ്രഷൻ മാത്രമാണ് അവർക്കാവശ്യം.
അണികളുടെ മൊറേൽ തകർക്കലാണ് അവരുടെ ലക്ഷ്യം.
ഇപ്പോൾ നടക്കുന്ന അന്വേഷണം നിയമവിരുദ്ധവും അമിതാധികാര പ്രയോഗവും രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ചുള്ള വേട്ടയാടലുമാണ്.
അതിനോട് സഹകരിക്കലല്ല, അതിനെ തുറന്നു കാട്ടലും ചെറുത്ത് തോൽപ്പിക്കലുമാണ് നിങ്ങളുടെ ധർമ്മം.

ഈ അന്വേഷണ പ്രഹസനത്തെ സംഘടന നിയമപരമായും രാഷ്ട്രീയമായും നേരിടണം.
പിന്നെ, കേന്ദ്രത്തിൽ അധികാരമുള്ള കാര്യം ഇടയ്ക്കൊന്ന് സ്വയം ഓർമിക്കുകയും വേണം.
“ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. മൃഗത്തെ വിട്ടു കളയാം. കമ്മ്യൂണിസ്റ്റുകാർക്ക് രണ്ടാമൊതൊരവസരം കൊടുക്കരുത്.” എന്നാരോ പറഞ്ഞിട്ടുണ്ട്.

പാർട്ടി അനുഭാവികളോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനത്തെ സംബന്ധിച്ച് നമ്മളിൽ പലർക്കും പല വിഷമങ്ങളും വിയോജിപ്പുകളും ഉണ്ട്. നേതൃത്വത്തോട് പല നിലകളിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അതൃപ്തികളും ഉണ്ട്. പാർട്ടിയുടെ ശൈലിയെ സംബന്ധിച്ച് തന്നെ എതിർപ്പുകളും എതിരഭിപ്രായങ്ങളും ഉണ്ട്. പക്ഷെ അതിന്റെ പേരിലൊന്നും ഇടപെടാതെ മാറി നിൽക്കാവുന്ന ഒരു ഘട്ടമല്ലിത്. ഒരു നേതാവോ ഒരു പക്ഷമോ അല്ല ഇവിടെ ആക്രമിക്കപ്പെടുന്നത്. പ്രസ്ഥാനം ഒന്നടങ്കെയാണ്.
ഇപ്പോൾ നമ്മൾ പുലർത്തുന്ന നിസ്സംഗത്വം പോലും എതിരാളികളുടെ ആയുധത്തിന് മൂർച്ച കൂട്ടും.

വയം പഞ്ചാധികം ശതം എന്നാണ് മഹാവാക്യം.
ചിത്രസേനൻ എന്ന ഗന്ധർവ്വൻ കൗരവരെ മുഴുവൻ പിടിച്ചു കെട്ടിയെന്ന വാർത്ത കേട്ടപ്പോൾ ആനന്ദിക്കുന്ന ഭീമനോട് യുധിഷ്ഠിരൻ പറയുന്നതാണത്.
പരസ്പര വിവാദേതു
വയം പഞ്ചശതം ച തേ
അനൈയഃ സഹ വിവാദേതു
വയം പഞ്ചാധികം ശതം
പരസ്പരം ഏറ്റുമുട്ടുമ്പോൾ നമ്മൾ അഞ്ചും അവർ നൂറുമാണ്.
എന്നാൽ അന്യനോട് ഏറ്റുമുട്ടുമ്പോൾ നമ്മൾ നൂറും അഞ്ചും നൂറ്റഞ്ചാണ്.
അവസാനമായി വീണ്ടും പൊതുസമൂഹത്തോടാണ്: കൊടകര കുഴൽപ്പണ കേസ് ഒരു ഇല്ലാ കഥയാണ്.
അങ്ങനെയൊരു കേസ് കേരളത്തിൽ നിലവിലില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button