ആലപ്പുഴ: രാജ്യത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. കേന്ദ്രം സൗജന്യ വാക്സിൻ നൽകാമെന്ന് ഏറ്റ സ്ഥിതിക്ക് വാക്സിൻ ചലഞ്ചിന്റെ പേരിൽ ജനങ്ങളിൽ നിന്നും പിരിച്ച പണം തിരിച്ച് കൊടുക്കുമോയെന്ന് ചോദിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സന്ദീപിന്റെ ചോദ്യം. ‘കേന്ദ്രം വാക്സിൻ സൗജന്യമായി നൽകുന്ന സ്ഥിതിക്ക് വാക്സിൻ ചലഞ്ച് വഴി പിരിച്ച പണം തിരികെ കൊടുക്കുമോ?’ സന്ദീപ് കുറിച്ചു.
നേരത്തെ, സംസ്ഥാനങ്ങൾ പണം മുടക്കി വാക്സിൻ വാങ്ങണമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികളാണ് സംഭാവനയായി ലഭിച്ചത്. വാക്സിൻ ചലഞ്ച് എന്ന പേരിലായിരുന്നു പണമൊഴുകിയത്. വാക്സിൻ സൗജന്യമായി നൽകാമെന്ന് കേന്ദ്രം ഉറപ്പ് പറഞ്ഞ സ്ഥിതിക്ക് ഇത് തിരിച്ച് നൽകുമോയെന്നാണ് സന്ദീപ് വാചസ്പതി ചോദിക്കുന്നത്.
അതേസമയം, ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ വാക്‌സിൻ നയം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളായിരിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Post Your Comments