കണ്ണൂര്‍: ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുന്നത് ഇപ്പോള്‍ ബി.ജെ.പിക്കാര്‍ തന്നെയാണെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ നിര്‍ദ്ദേശാനുസരണം ബദിയടുക്ക പോലീസ് 193-ാം ക്രൈം നമ്പര്‍ പ്രകാരം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുണ്ടായ കാരണം നേതാക്കളുടെ അധികാര കൊതിയാണെന്നും ജയരാജന്‍ പറയുന്നു.
‘ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ തെരഞ്ഞെടുപ്പ് അഴിമതി കുറ്റം വിവരിക്കുന്ന 171 ബി, 171 ഇ എന്നീ വകുപ്പ് പ്രകാരമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെതിരെയുള്ള കേസ്. കെ. സുരേന്ദ്രന് പുറമെ കാസര്‍കോട് ജില്ലയിലെ ബിജെപി നേതാക്കളായ സുനില്‍ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരും പ്രതികളാണ്. കെ. സുരേന്ദ്രനെ ന്യായീകരിക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിശ്രമിച്ച കേന്ദ്ര സഹമന്ത്രി അടക്കമുള്ള നേതാക്കള്‍ക്ക് വിയര്‍ക്കേണ്ടിവന്ന ദൃശ്യം ജനങ്ങള്‍ കണ്ടതാണെന്നും’ ജയരാജന്‍ ചൂണ്ടിക്കാട്ടി.
‘മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ ജയിച്ചില്ലെന്ന് മാത്രമല്ല, പണവും പ്രലോഭനങ്ങളും ഭീഷണിയും തട്ടിക്കൊണ്ടുപോകലും ചെയ്തതിനെ തുടര്‍ന്ന് കേസും വന്നിരിക്കുകയാണ്. ഇനിയും സംസ്ഥാന അദ്ധ്യക്ഷന്റെ പദവിയിലിരിക്കാന്‍ നാണമില്ലേ എന്നാണ് സുരേന്ദ്രനോട് ബിജെപിയില്‍ തന്നെയുള്ള ചിലരുടെ ചോദ്യം. 35 സീറ്റ് കിട്ടിയാല്‍ ഭരിക്കാന്‍ കഴിയുമെന്ന് വീമ്പിളക്കിയ നേതാവ് ജയിക്കാനായി എന്തു വൃത്തികേടും ചെയ്യുമെന്ന് അന്ന് തന്നെ ജനങ്ങള്‍ക്കറിയാമായിരുന്നു. അതാണ് സംഭവിച്ചതെന്നും ‘ അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments