ന്യൂഡൽഹി: കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക ഘടകമായി ഡിആർഡിഒ. കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് ഡിആർഡിഒ രാജ്യത്ത് നടത്തി വരുന്നത്. കോവിഡ് രോഗം എളുപ്പത്തിൽ ഭേദമാവാൻ സഹായിക്കുന്ന 2 ഡിജി മരുന്ന്, ഓക്‌സിജൻ വിതരണ സംവിധാനം, നിർമ്മിത ബുദ്ധി ഉപയോഗിച്ച് കോവിഡ് രോഗം കണ്ടെത്തൽ എന്നിങ്ങനെ നിരവധി സേവനങ്ങൾ ഡിആർഡിഒ ചെയ്യുന്നുണ്ട്.
ഡൽഹി, അഹമ്മദാബാദ്, ലക്‌നൗ, വരാണസി, ഗാന്ധി നഗർ, ഹൽദ്വാനി, ഋഷികേശ്, ജമ്മു, ശ്രീനഗർ തുടങ്ങി കോവിഡ് വ്യാപനം രൂക്ഷമായ 9 സ്ഥലങ്ങളിലാണ് ഡിആർഡിഒ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കിയിരിക്കുന്നത്. പാനിപ്പത്തിൽ അടുത്ത താത്ക്കാലിക ആശുപത്രി ഡിആർഡിഒ ഉടൻ ആരംഭിക്കും. കോവിഡ് നെഗറ്റീവായവരെ സുരക്ഷിതരാക്കാനായി നെഗറ്റീവ് പ്രഷർ ടെന്റുകളും ഡിആർഡിഒ ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 നെഗറ്റീവായവരിൽ വായുവിലൂടെ വീണ്ടും രോഗം പകരുന്നത് തടയാൻ നെഗറ്റീവ് പ്രഷർ ടെന്റുകൾ സഹായിക്കും. ഡിആർഡിഒക്ക് കീഴിലെ ഐഎൻഎംഎസ് ലാബും മരുന്നു കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേർന്നാണ് 2 ഡിജി (2deoxy-D-glucose) എന്ന മരുന്ന് കണ്ടെത്തിയത്. ഈ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് എളുപ്പത്തിൽ രോഗശമനം നേടാൻ ഈ മരുന്ന് സഹായകമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡിആർഡിഒക്ക് കീഴിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് (CAIR) കോവിഡ് 19 രോഗം എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗവും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വൈറസ് സംശയിക്കുന്നവരുടെ നെഞ്ചിന്റെ എക്‌സ്റേകൾ പരിശോധിച്ചാണ് എഐ രോഗം സ്ഥിരീകരിക്കുന്നത്.
Read Also: ‘കൂടുതല്‍ ഡയലോഗ് ഒന്നും അടിക്കണ്ട, നിന്നെ പിന്നെ കണ്ടോളാം’: പോലീസിനെ ഭീഷണിപ്പെടുത്തിഎസ്‌എഫ്‌ഐ നേതാവ്
ആർടിപിസിആർ പോലുള്ള പരിശോധനകളുടെ ഫലം ലഭിക്കാൻ കുറഞ്ഞത് മണിക്കൂറുകളെടുക്കുമെങ്കിൽ നിർമിത ബുദ്ധി നിമിഷങ്ങൾക്കകം കോവിഡ് സ്ഥിരീകരിക്കും. കോവിഡ് രോഗി കാര്യമായ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗം സ്ഥിരീകരിക്കാനാകുമെന്നതാണ് ഈ രീതിയുടെ പ്രധാന സവിശേഷത. 96.73 ശതമാനം കൃത്യത ഈ പരിശോധനാ രീതിയ്ക്ക് ഉണ്ടെന്നും ഡിആർഡിഒ പറയുന്നു.
Post Your Comments