ന്യൂഡൽഹി: ക്രിസ്ത്യൻ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്ന് കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രിയുടെ നിർദേശം. ഞായറാഴ്ച വൈകീട്ട് ദേശീയ ജനറൽ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നിർദേശം നൽകിയത്. ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസം നേടുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബി.ജെ.പി.യോട് അടുക്കാൻ തടസ്സങ്ങളൊന്നും കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടുദിവസത്തെ യോഗത്തിനുശേഷമാണ് ജനറൽ സെക്രട്ടറിമാർ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ടത്. ചർച്ച അഞ്ചുമണിക്കൂറോളം നീണ്ടു. അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലവും അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തി.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എങ്ങനെയാണ് വൻവിജയം നേടിയതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുമ്പ് എല്ലാ പ്രാദേശികഭാഷകളിലും പാർട്ടി സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഉണ്ടാക്കി ജനങ്ങളുമായി സംവദിക്കണമെന്നും നിർദേശിച്ചു.
Post Your Comments