ദുബായ്: റേസിംഗ് കാറോടിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതിന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. കോവിഡ് വ്യാപനത്തിനിടെ വിനോദ പരിപാടികളില്‍ ഏര്‍പ്പെട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്ന ചിത്രം ഗാംഗുലി നീക്കം ചെയ്തു.
ഐപിഎല്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗാംഗുലി ഇപ്പോള്‍ ദുബായിലാണുള്ളത്. ദുബായിലെ പ്രശസ്തമായ മോട്ടോര്‍ സിറ്റിയിലെ ഓട്ടോഡ്രോം സന്ദര്‍ശിച്ച ഗാംഗുലി അവിടെ വെച്ചാണ് റേസിംഗ് കാര്‍ ഓടിച്ചത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. റേസിംഗ് കാര്‍ ഓടിച്ചെന്നും അവിശ്വസനീയമായ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ അതിന് കഴിയുമെന്നുമാണ് ഗാംഗുലി ചിത്രത്തോടൊപ്പം കുറിച്ചത്.
റേസിംഗ് സ്യൂട്ട് ധരിച്ചുള്ള ചിത്രത്തെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധിയാളുകള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം ആളുകള്‍ വലിയ വിമര്‍ശനവും ട്രോളുകളുമായി രംഗത്തെത്തിയതോടെയാണ് ഗാംഗുലി പോസ്റ്റ് നീക്കം ചെയ്തത്. കോവിഡ് കാലത്ത് സമൂഹത്തിന് വേണ്ടി വിവേകപൂര്‍ണമായ എന്തെങ്കിലും ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പലരുടെയും വിമര്‍ശനം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം നേരിട്ടതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചവരും നിരവധിയാണ്.
Post Your Comments