Life Style

ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ഉപേക്ഷിക്കില്ല

 

തലമുറകളുടെ ആഹാര ആവശ്യം നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യവിളയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയാണ്. ചക്കയില്‍ ജീവകം എ, ജീവകം സി, തയമിന്‍, പൊട്ടാസ്യം, കാത്സ്യം, റൈബോഫ്ളവിന്‍, ഇരുമ്പ് നിയാസിന്‍, സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടും കൊളസ്ട്രോള്‍ വളരെ കുറവായതിനാലും ചക്ക ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വളരെ നല്ലതാണ്.

ചക്കയിലെ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച മാറുന്നതിനും രക്തപ്രവാഹം ശരിയായ രീതിയിലാകുന്നതിനും ഉത്തമമാണ്. ചക്കയില്‍ ധാരാളം മഗ്‌നീഷ്യവും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചക്ക നല്‍കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും. എല്ല് തേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ചക്ക.

കണ്ണുകളുടെ ആരോഗ്യം

ചക്കയിലടങ്ങിയിരിക്കുന്ന ജീവകം എ കണ്ണുകള്‍ക്ക് ഗുണം ചെയ്യും. നിശാന്ധത പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചക്ക. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയാണ്. ഇവ എളുപ്പത്തില്‍ വിഘടിച്ച് ശരീരത്തിന് ഊര്‍ജം നല്‍കും. ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും സഹായിക്കും. ചര്‍മ്മത്തിനു മൃദുത്വം ഉണ്ടാകുന്നത് പ്രായക്കുറവ് തോന്നിക്കും.

ഇവയിലെ ജീവകം എ ആണ് ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നത്. ചക്കയില്‍ ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ മൂലം ഉണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കുവാനും ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കുവാനും ചക്കയ്ക്ക് കഴിയും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശക്തിപ്പെടുന്നതിനും മലബന്ധം തടയാനും ചക്ക സഹായിക്കുന്നു.

അര്‍ബുദം തടയും

ചക്കയിലടങ്ങിയ ഫൈറ്റോന്യൂട്രിയന്‍സിന് അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഇവ അര്‍ബുദ കാരണമായ ഫ്രീ റാഡിക്കലുകളെ തുരത്തി കോശങ്ങളുടെ നാശം സാവധാനത്തിലാക്കുന്നു. ആസ്ത്മ രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ചക്ക. ഇതുമാത്രമല്ല വിളര്‍ച്ച മാറാനും ചക്ക കഴിക്കുന്നത് നല്ലതാണ്. ധാരാളം കോപ്പര്‍ അടങ്ങിയിട്ടുള്ളതിനാല്‍ തൈറോയിഡ് രോഗമുള്ളവര്‍ ചക്ക കഴിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. ഹോര്‍മോണ്‍ ഉത്പാദനം ശരിയായ രീതിയില്‍ നടക്കുന്നതിനും ചക്ക സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് ചക്ക മിതമായ അളവില്‍ കഴിക്കാം. ചക്കയില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താന്‍ ചക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button