തിരുവനന്തപുരം: സൈബറിടങ്ങളിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ തിരയുന്നവരെ കൈയ്യോടെ പൊക്കാൻ കേരള പോലീസ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തത്തൊട്ടാകെ പോലീസ് നടത്തിയ വ്യാപക പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷൻ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്‌ത റെയ്‌ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്‌ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ്ടോപ്, കമ്പ്യൂട്ടര്‍ എന്നിവ ഉള്‍പ്പടെ 429 ഉപകരണങ്ങള്‍ റെയ്ഡിൽ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നദൃശ്യങ്ങളാണ് ഇവയിൽ നിറയെ. തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഇവരുടെ കൈകളിൽ ഉള്ളതെന്ന് പോലീസ് പറയുന്നു.
അറസ്റ്റിലായവരില്‍ പലരും ഐ ടി മേഖലയിൽ ജോലി ചെയ്യുന്നവരാണ്. ചെറുപ്പക്കാരാണ് കൂടുതലും. പോലീസ് നിരീക്ഷണത്തിൽ കഴിയുന്നവരും ചെറുപ്പക്കാർ തന്നെയാണ്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകളും റെയ്‌ഡില്‍ കണ്ടെത്താനായി. പോലീസ് റെയ്ഡ് വ്യാപകമാക്കിയതോടെ യുവാക്കൾ ആധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഫോണിൽ നിന്നും ഇത്തരം ദൃശ്യങ്ങൾ മായ്ച്ചുകളയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്ന ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പോലീസ് കണ്ടെത്തി. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments