ഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ഊര്‍ജ്ജിതമാക്കാൻ പദ്ധതി ആവിഷ്‌കരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ‘ജഹാം വോട്ട്, വഹാം വാക്സിനേഷന്‍’ (എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷന്‍) എന്ന പേരിൽ, വാക്സിനേഷൻ പൂർത്തീകരിക്കാനുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകൾക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്സിന്‍ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
വോട്ടിങ് ബൂത്ത് തലത്തില്‍ വാക്സിന്‍ വിതരണം ചെയ്യുമ്പോൾ വാക്സിനേഷൻ കുറേക്കൂടി കാര്യക്ഷമമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇതനുസരിച്ച് ജനങ്ങള്‍ക്ക് അവരുടെ നിശ്ചിത പോളിങ് ബൂത്തില്‍ എത്തി വാക്സിന്‍ സ്വീകരിക്കാനാകും. വീടുകളിലെത്തി വാക്സിന്‍ നല്‍കുന്ന പദ്ധതിയും ഉടൻതന്നെ ആരംഭിക്കുമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള 57 ലക്ഷം പേരിൽ 27 ലക്ഷം പേരുടെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കും രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ക്കും പോളിങ് ബൂത്തിലെത്തി വാക്‌സിന്‍ ഡോസ് സ്വീകരിക്കാമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഒരു മാസം കൊണ്ട് 45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments