ഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ളവർക്ക് ഏപ്രിൽ 10 മുതൽ കൊവിഡ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ വഴിയാകും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുക. സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞവർക്കായിരിക്കും ബൂസ്റ്റർ ഡോസ് ലഭിക്കുക.
ജനവരി 10 മുതൽ ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസിന് മുകളിൽ പ്രായമുള്ള അനുബന്ധ രോഗമുള്ളവർ എന്നിവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസുകൾ നൽകിയിരുന്നു. മാർച്ച് മുതൽ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുന്നുണ്ട്. കൊവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയിൽ കേസുകൾ നിയന്ത്രണാതീതമായി വ്യാപിക്കുകയും ലോക്ക്ഡൗൺ നടപടികൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നാലാം തരംഗം ജുലൈയോടെ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ്, ഇപ്പോൾ ബൂസ്റ്റർ ഡോസ് എല്ലാവർക്കും ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ തീരുമാനിച്ചത്.
നിലവിൽ, സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ഒന്നും രണ്ടും വാക്സിൻ ഡോസുകൾ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം 60 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസും വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടാതെയാണ് 60 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് സ്വാകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
Post Your Comments