തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ബി.ജ.പി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനു പുറമെ കുഴല്‍പ്പണ കേസും ഇപ്പോള്‍ പാര്‍ട്ടിയെ വെട്ടിലാക്കി.
കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങള്‍ വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെ സമ്പൂര്‍ണ്ണ അഴിച്ചു പണിക്കാണ് അമിത് ഷാ തയ്യാറെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തനാണ്. ഈ സാഹചര്യത്തില്‍ വൈകാതെ തന്നെ കേരളത്തിലെ ബിജെപി ഘടകത്തില്‍ പുനഃസംഘടനയുണ്ടാകും. അടിമുടി അഴിച്ചു പണിയാണ് നടക്കുക. കൊടകര കുഴല്‍പ്പണ കേസും അതുമായി ബന്ധപ്പെട്ട വിവാദവും തീരും വരെ കെ സുരേന്ദ്രനെ മാറ്റില്ലെന്നാണ് സൂചന.
സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റുകയാണെങ്കില്‍ പ്രഥമ പരിഗണന സുരേഷ് ഗോപിക്കാണ് മോദിയും അമിത് ഷായും നല്‍കുന്നത് . എന്നാല്‍ സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ സുരേഷ് ഗോപി ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നാണ് സൂചന. അതേസമയം മെട്രോമാന്‍ ഇ. ശ്രീധരനും കേരളത്തില്‍ പാര്‍ട്ടിയെ നിയിക്കുന്നതിനോട് താല്‍പ്പര്യമില്ല. കേരളത്തിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണെന്ന് സി.വി ആനന്ദബോസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിസമാണ് എല്ലാത്തിനും കാരണം. കേരളത്തിലെ പ്രധാന നേതാക്കളുമായി സംസാരിച്ചാണ് ആനന്ദബോസ് റിപ്പോര്‍ട്ട് നല്‍കിയത് .
കേരളത്തിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ് എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
Post Your Comments