ന്യൂഡല്‍ഹി: കോവിഡ് മരുന്ന് പൂഴ്ത്തിവെച്ച കേസില്‍ കോടതി വിധി നേരിടാന്‍ തയ്യാറാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. തന്റെ ഫൗണ്ടേഷന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന് പൂഴ്ത്തിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി കണ്ടെത്തിയിരുന്നു.
കോവിഡ് ചികിത്സക്കായി നല്‍കുന്ന ആന്റി വൈറല്‍ മരുന്നായ ഫാബിഫ്‌ളു അമിതമായി വാങ്ങി ശേഖരിച്ചെന്ന് ചൂണ്ടിക്കാട്ടി ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെ ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗംഭീര്‍ ആവശ്യക്കാരെ സഹായിക്കാന്‍ വേണ്ടി ചെയ്തതായിരിക്കാമെങ്കിലും മറ്റുള്ളവര്‍ക്ക് മരുന്ന് ആവശ്യമായി വരുമെന്ന് മനസിലാക്കണമായിരുന്നു എന്ന് കേസ് പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരായ പ്രീതി തോമറും പ്രവീണ്‍ കുമാറും വന്‍തോതില്‍ കോവിഡ് മരുന്നുകള്‍ ശേഖരിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഡ്രഗ് കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ രാഷ്ട്രീയക്കാര്‍ കോവിഡ് മരുന്നുകള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ടെന്ന് മുന്‍പും പരാതി ഉയര്‍ന്നിരുന്നു.
Post Your Comments