ചെന്നൈ: രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്സീൻ ഉടൻ വിപണിയിലേക്ക്. ബയോളജിക്കൽ ഇ നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോർബെവാക്‌സിനാണ് കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത്. വാക്സിന്റെ 2 ഡോസിനും കൂടി 500 രൂപ മാത്രമേ വില വരികയുള്ളൂവെന്നാണ് ലഭ്യമായ വിവരം. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ആണ് കോർബെവാക്‌സിന്റെ നിർമാതാക്കൾ. അവസാന ഘട്ട പരീക്ഷണം പുരോഗമിക്കുന്ന വാക്സീന് അടിയന്തര ഉപയോഗത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. അതേസമയം, വാക്സിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് 30 കോടി കോർബെവാക്‌സിൻ ഡോസുകൾ സംഭരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ, തദ്ദേശ വാക്സിനുകളായ കോവിഷീൽഡ്, കോവാക്സീൻ എന്നിവയും റഷ്യൻ നിർമ്മിത സ്പുട്നിക് വിയും ഉൾപ്പെടെ മൂന്നു വാക്സീനുകളാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. കോവിഷീൽഡ് വാക്സിന് ഡോസിന് 700 മുതൽ 1000 രൂപയും, ഭാരത് ബയോടെക്കിന്റെ കോവാക്സീന് 1250 – 1500 രൂപയും വരെയാണ് സ്വകാര്യ ആശുപത്രികളിൽ നികുതി അടക്കം ഈടാക്കുന്നത്. റഷ്യയുടെ സ്പുട്നിക് വി വാക്സിന് 948 രൂപയാണ് ഒരുഡോസിന്റെ വില.
Post Your Comments