ഡൽഹി: ശത്രുക്കൾക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കാൻ ‘പ്രൊജക്ട് 75 ഇന്ത്യ’ പദ്ധതി പ്രകാരം കൂടുതൽ അന്തർവാഹിനികൾ വാങ്ങാൻ തീരുമാനിച്ച് ഇന്ത്യൻ നാവിക സേന. ഇതിന്റെ ഭാഗമായി അതിപ്രഹര ശേഷിയുള്ള ആറ് അന്തർവാഹിനികൾ വാങ്ങാനുള്ള ടെണ്ടർ നടപടികൾ നാവിക സേന പൂർത്തിയാക്കിയെന്നാണ് ലഭ്യമായ വിവരം.
പുതിയതായി ആറ് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ വാങ്ങുന്നതിനായി ഏകദേശം 50,000 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. 12 ലാന്റ് അറ്റാക്ക് ക്രൂയിസ് മിസൈലുകളെയും, ആന്റി ഷിപ്പ് ക്രൂയിസ് മിസൈലുകളെയും വഹിക്കാൻ ശേഷിയുള്ളവയാണ് ഇത്തരം അന്തർവാഹിനികൾ.
നാവികസേനയ്ക്കായുള്ള സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുംബൈയിലെ മസ്‌ഗോൺ ഡോക്‌യാർഡ്‌സിൽ പുരോഗമിക്കുന്നതിനിടെയാണ് പുതിയതായി ആറ് എണ്ണം കൂടി വാങ്ങാൻ തീരുമാനിച്ചത്. സ്‌കോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനികളെക്കാൾ 50 ശതമാനത്തോളം വലുപ്പം കൂടിയ, അതിപ്രഹര ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാനാണ് നാവിക സേനയുടെ ലക്ഷ്യം.
Post Your Comments